ജീവൻ പന്താടി പ്രതിഷേധം അരുത് !
Saturday, July 11, 2020 12:15 AM IST
സ്വർണക്കള്ളക്കടത്ത് ആരു നടത്തിയാലും ഏതു പ്രമാണിമാർ പിന്നിലുണ്ടെങ്കിലും ഏവരേയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. രാജ്യം ഉറ്റുനോക്കുന്ന ഈ കേസും സ്വപ്നമായി മാറരുത്. എൻഐഎയ്ക്കും കസ്റ്റംസിനും തങ്ങളുടെ ജോലി ചെയ്യാൻ ഭരണകൂടം സാഹചര്യം ഒരുക്കണം. അതേസമയം, രാഷ്ട്രീയ പാർട്ടികളും പോലീസും തെരുവിൽ ഏറ്റുമുട്ടിയല്ല പ്രശ്നം പരിഹരിക്കേണ്ടത്. സംസ്ഥാനം കോവിഡ് വ്യാപനത്താൽ നീറിപ്പുകയുകയാണ്. സമ്പർക്ക രോഗികൾ നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും അനുദിനം കൂടി വരുന്നു. സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി അരേങ്ങറുന്ന തെരുവുയുദ്ധങ്ങളും സമരമുറയും കോവിഡ് കാലത്ത് വേണോയെന്നും ചിന്തിക്കണം. ജനങ്ങളുടെ ജീവൻ പന്താടിയുള്ള രാഷ്ട്രീയക്കളി അരുത് !
റെജി കാരിവേലിൽ, ചിറ്റടി, കോട്ടയം