കൊച്ചി: കസ്റ്റംസ് ഗോഡൗണിന്റെ ലോക്ക് കുത്തിത്തുറന്ന് അകത്തു കയറി ലക്ഷങ്ങള്‍ വില വരുന്ന സ്റ്റീലും ബ്രാസ് പൈപ്പ് ഫിറ്റിംഗുകളും മോഷ്ടിച്ച ഇതര സംസ്ഥാനക്കാരെ റിമാന്‍ഡ് ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ടു പശ്ചിമബംഗാള്‍ സ്വദേശികളായ മുഹമ്മദ് സനോവര്‍ (19), മുഹമ്മദ് മാമുള് (19) എന്നിവരെയും കൂട്ടുപ്രതികളായ കരീം (19), സോയല്‍ (22), ഡല്‍ഹി സ്വദേശിയായ ഹനീഫ് (38) എന്നിവരെയുമാണ് ഹാര്‍ബര്‍ പോലീസ് പിടികൂടിയത്.
ഹാര്‍ബര്‍ സ്റ്റേഷന് പരിധിയിലെ രാത്രികാല പട്രോളിംഗിനിടയിലാണ് പ്ലാറ്റ്ഫോമോടു കൂടിയ ത്രീ വീലര്‍ സൈക്കിളില്‍ വിലപിടിപ്പുള്ള പൈപ്പ് ഫിറ്റിംഗ്സുമായി മുഹമ്മദ് സനോവറിനെയും മുഹമ്മദ് മാമൂളിനെയും പോലീസ് പിടികൂടിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇവ കസ്റ്റംസ് ഗോഡൗണില്‍നിന്നും മോഷ്ടിച്ചതാണെന്നു തെളിഞ്ഞത്.
വിദേശത്തേക്കു കയറ്റുമതി-ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ ടാക്സ് അടക്കാതെ വരുന്ന സന്ദര്‍ഭങ്ങളില്‍ താത്കാലികമായി ഈ ഗോഡൗണിലാണ് സൂക്ഷിക്കുന്നത്. അവിടെനിന്നാണ് പ്രതികള്‍ മോഷണം നടത്തിയത്.
പിന്നീട് പാലാരിവട്ടം പൈപ്പ് ലൈനിലെ ഇവരുടെ താമസ സ്ഥലത്തുനിന്നു കൂടുതല്‍ മോഷണ മുതലുകള്‍ കണ്ടെത്തി. ഇവിടെനിന്നാണ് കൂട്ടുപ്രതികളെയും സാധനങ്ങള്‍ ഒളിപ്പിക്കുന്നതിനു സഹായിച്ച ഹനീഫിനെയും പോലീസ് അറസ്റ്റ് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.