തിരുവല്ല: പുളിക്കീഴ് പോലീസ് സ്റ്റേഷനില്‍നിന്നു പോക്സോ കേസ് പ്രതി രക്ഷപ്പെട്ടു. പതിനഞ്ചുകാരിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പൊടിയാടി സ്വദേശി സജു കുര്യനാണ് (20) ഇന്നലെ രാത്രി വിലങ്ങഴിച്ചുമാറ്റി രക്ഷപ്പെട്ടത്.
നേരത്തെയും പുളിക്കീഴ് സ്റ്റേഷനില്‍ നിന്നു പ്രതികള്‍ രക്ഷപ്പെട്ടിട്ടുള്ളതിനാല്‍ ഇത്തവണ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് ഡിവൈഎസ്പിയില്‍നിന്നു വയര്‍ലെസ് സെറ്റിലൂടെ ലഭിച്ചതിനു പിന്നാലെയാണ് സജുവിന്റെ രക്ഷപ്പെടലെന്നതും ശ്രദ്ധേയമായി.
മൂന്നു ദിവസം മുമ്പാണ് സജുവിനെതിരെയുള്ള പരാതി പുളിക്കീഴ് പോലീസ് സ്റ്റേഷനില്‍ ലഭിക്കുന്നത്. പതിനഞ്ചുകാരിയെ കാണാനില്ലെന്ന പരാതി പെണ്‍കുട്ടിയുടെ രക്ഷിതാക്കളാണ് നല്‍കിയത്. സജു പെണ്‍കുട്ടിയുമായി നാടുവിട്ടുവെന്നായിരുന്നു പരാതി. ഇത് അന്വേഷിക്കുന്നതിനിടെ ഇന്നലെ രാവിലെ പെണ്‍കുട്ടിയുമായി സജു പോലീസ് സ്റ്റേഷനില്‍ ഹാജരായി.
സജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടി പീഡനത്തിനിരയായെന്നു തെളിഞ്ഞതിനെത്തുടര്‍ന്നു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കാന്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പുളിക്കീഴ് സ്റ്റേഷനില്‍ പ്രതികളെ സൂക്ഷിക്കാന്‍ സെല്ലില്ല.
ഇക്കാരണത്താല്‍ മേശയുടെ കാലുമായിട്ടാണ് വിലങ്ങിട്ടു ബന്ധിക്കുന്നത്. സജുവിനെയും ഇത്തരത്തില്‍ ബന്ധിച്ചിരുന്നതായി പറയുന്നു. കൈ മുറുകി വേദന എടുക്കുന്നതിനാല്‍ അയച്ചുതരാന്‍ പോലീസുകാരനോട് ഇയാള്‍ ആവശ്യപ്പെട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന് അയച്ചു കൊടുത്തു.
ഇതേത്തുടര്‍ന്ന് ഇയാള്‍ വിദഗ്ധമായി വിലങ്ങ് ഊരി രക്ഷപ്പെടുകയായിരുന്നു. രാത്രിയില്‍ത്തന്നെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മൂന്നാഴ്ച മുമ്പ് വീടാക്രമണ കേസില്‍ പിടിയിലായ പ്രതി സ്റ്റേഷനില്‍നിന്നു രക്ഷപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.