പാർക്കുകളിൽ ഒളികാമറയുമായി സെക്സ് റാക്കറ്റ്; ചൂടൻരംഗങ്ങൾ നവമാധ്യമങ്ങളിൽ
Monday, May 23, 2022 3:29 PM IST
തലശേരി: നഗരത്തിലെ പാർക്കുകളിൽ കമിതാക്കളെയും നവ ദമ്പതികളെയും വിവാഹം നിശ്ചയിച്ചവരെയും ഫോക്കസ്ചെയ്ത് സെക്സ് റാക്കറ്റ് സംഘം, രഹസ്യകാമറകളിൽ ഇത്തരക്കാർ നടത്തിയ പ്രണയ ചേഷ്ടകളും ചൂടൻ രംഗങ്ങളും സല്ലാപങ്ങളും റെക്കോർഡ് ചെയ്ത് നവമാധ്യമത്തിലിട്ടു.

ദൃശ്യങ്ങൾ വൈറലായതോടെ പല കുടുംബങ്ങളും രക്ഷിതാക്കളും അങ്കലാപ്പിലാണ്. ഹിഡൻ കാമറയുമായി പാർക്കുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സെക്സ് മാഫിയയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇതോടെ പുറത്തു വന്നിരിക്കുന്നത്.

സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മൂന്ന് പേരെ തലശേരി പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു വരികയാണ്. പിണറായി, ചൊക്ലി സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്.

നാൽപത്തിയഞ്ച് വയസ് പിന്നിട്ട ഇവരിൽ നിന്നും അമ്പരപ്പിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. ഇവരിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു. ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ മൊബൈൽ ഫോണുകൾ പോലീസ് പരിശോധിച്ചു വരികയാണ്.

ഓരോ ദിവസവും ചോദ്യം ചെയ്ത ശേഷം വിട്ടയക്കുന്ന ഇവരെ പൂർണ തെളിവുകൾ ശേഖരിച്ച ശേഷം അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം. സിഐ എം.വി ബിജുവിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഹിഡൻ കാമറ ഉപയോഗിച്ച് കമിതാക്കളുടെ ചൂടൻ രംഗങ്ങൾ പകർത്തിയ ശേഷം കമിതാക്കളെ പിന്തുടർന്ന് ബ്ലാക്ക് മെയിൽ ചെയ്ത സംഭവങ്ങളും പുറത്തു വന്നിട്ടുണ്ട്. ഇത്തരത്തിൽ രണ്ട് കോളജ് വിദ്യാർഥികളിൽ നിന്നും വൻ തുക സംഘം തട്ടിയെടുത്തിട്ടുള്ളതായും അറിയുന്നു. ഒരു പാർക്കിൽ പ്രവർക്കിക്കുന്ന ഹോട്ടൽ കേന്ദ്രീകരിച്ചും ഇത്തരം സംഘങ്ങൾ
പ്രവർത്തിക്കുന്നതായുള്ള റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്.

പാർക്ക് പൂർണമായും ഹോട്ടലുകാർ കൈയടക്കിയതോടെ സല്ലാപത്തിനെത്തുന്നവർ പാർക്കിലൂടെ താഴെ കടൽ തീരത്തെ രഹസ്യ താവളങ്ങളിലേക്ക് പോകുന്നതും പതിവാണ്. ഈ രഹസ്യ കന്ദ്രങ്ങളിൽ നടന്ന ചൂടൻ രംഗങ്ങളാണ് ഇപ്പോൾ നവ മാധ്യങ്ങളിൽ വൈറലായിട്ടുള്ളതിൽ ചിലത്.

വിവാഹം നിശ്ചയിച്ച യുവതിയും യുവാവും ഓവർ ബറീസ് ഫോളിയിൽ നടത്തിയ സല്ലാപങ്ങളാണ് പോലീസ് നടപടിയിലേക്ക് എത്തിയത്. അപ്രതീക്ഷിതമായി പാർക്കിലെ തങ്ങളുടെ രംഗങ്ങൾ വാട്സ് ആപ്പിൽ എത്തിയതോടെ ഞെട്ടിത്തരിക്കുകയാണ് പലരും.

കടൽ തീരത്തെ പാറക്കല്ലുകൾക്കിടയിലും കുറ്റിക്കാടുകളിലും നടന്ന ചില ദൃശ്യങ്ങൾ നീല ചിത്രങ്ങളെ പോലും വെല്ലുന്നതാണ്. വിവാഹം നിശ്ചയിച്ച യുവതിയുടേയും യുവാവിന്‍റെയും സല്ലാപങ്ങളും വാട്ട്സ്ആപ്പിൽ എത്തിയത് ഇരുവരുടേയും കുടുംബങ്ങളെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. തുടർന്ന് ഇവർ ടൗൺ പോലീസിൽ പരാതി നൽകിയതോടെയാണ് പാർക്കുകൾ കേന്ദ്രീകരിച്ചുള്ള സെക്സ് റാക്കറ്റിലേക്ക് അന്വേഷണം എത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.