പന്നുവിനെ വധിക്കാൻ ശ്രമിച്ചത് സംബന്ധിച്ച ഗൂഢാലോചന തടഞ്ഞത് ഔദ്യോഗികമായി ഉന്നതതലത്തിൽ ഇന്ത്യയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി വൈറ്റ് ഹൗസ് വക്താവ് അഡ്രിയാൻ വാട്സൻ നേരത്തേ അറിയിച്ചിരുന്നു. വിഷയത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കാൻ നവംബർ 18ന് ഇന്ത്യ ഒരു ഉന്നതതല അന്വേഷണ സമിതിക്കു രൂപംനൽകിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കിയിരുന്നു. സമിതിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഇന്ത്യ സ്വീകരിക്കുമെന്നും ബാഗ്ചി പറഞ്ഞു.
അതേസമയം, ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ വധവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് സഹകരണം വേണമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വീണ്ടും ആവശ്യപ്പെട്ടു.
ഇന്ത്യ ഇക്കാര്യങ്ങൾ ഗൗരവത്തോടെ കാണണമെന്നും ട്രൂഡോ പറഞ്ഞു. ഇന്ത്യക്കാരന്റെ പേരിൽ യുഎസിലെ ഫെഡറൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെയാണ് ട്രൂഡോയുടെ പ്രതികരണം.
“ഞങ്ങൾ തുടക്കംമുതൽ പറയുന്ന കാര്യങ്ങൾക്ക് അടിവരയിടുന്നതാണ് അമേരിക്കയിൽനിന്ന് പുറത്തുവരുന്ന വാർത്തകൾ. ഇന്ത്യ ഇത് ഗൗരവമായി കാണേണ്ടതുണ്ട്”, കനേഡിയൻ പ്രധാനമന്ത്രിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ജൂണ്‍ 18നാണ് അജ്ഞാതർ ഹർദീപ് സിംഗ് നിജ്ജാറിനെ വധിച്ചത്.