ഡൽഹി ക്യാപ്പിറ്റൽസിനെ നയിച്ചിട്ടുള്ള ശിഖർ ധവാനാണ് ഇത്തവണ പഞ്ചാബ് കിംഗ്സിന്റെ ക്യാപ്റ്റൻ. മായങ്ക് അഗർവാളിനു പകരമായാണ് പഞ്ചാബിന്റെ ക്യാപ്റ്റനായി ധവാന്റെ വരവ്.
ക്യാപ്റ്റന്മാർക്കൊപ്പം പരിശീലകരും പുതിയതാണെന്നതാണു കെകെആറിന്റെയും പഞ്ചാബ് കിംഗ്സിന്റെയും ഇത്തവണത്തെ സവിശേഷത. പഞ്ചാബിന്റെ തന്ത്രജ്ഞനായി ട്രെവർ ബെയ്ലിസും കോൽക്കത്തയുടെ ആശാനായി ചന്ദ്രകാന്ത് പണ്ഡിറ്റിനും ഇന്ന് അരങ്ങേറ്റമാണ്.
ഡൽഹി x ലക്നോ, 7.30 pm ഐപിഎൽ 16-ാം സീസണിന്റെ രണ്ടാംദിനത്തിലെ രണ്ടാം പോരാട്ടത്തിൽ ഡൽഹി ക്യാപ്പിറ്റൽസ് ലക്നോ സൂപ്പർ ജയ്ന്റ്സിനെ നേരിടും.
ഋഷഭ് പന്ത് ഇല്ലാത്ത ഡൽഹി ക്യാപ്പിറ്റൽസാണ് ഈ സീസണിലെ പ്രത്യേകത. പരിക്കേറ്റു പുറത്തായ പന്തിനു പകരം ഓസീസ് വെറ്ററൻ ഡേവിഡ് വാർണർ ക്യാപ്പിറ്റൽസിനെ നയിക്കും.
റിക്കി പോണ്ടിംഗാണ് ക്യാപ്പിറ്റൽസിന്റെ തന്ത്രജ്ഞൻ. പന്തിനു പകരം ബംഗാൾ താരമായ അഭിഷേക് പോറെൽ ടീമിലെത്തി. 20 ലക്ഷം രൂപയ്ക്കാണു പോറെലിനെ ക്യാപ്പിറ്റൽസ് സ്വന്തമാക്കിയത്.
പന്തിന്റെ അഭാവത്തിൽ ഇന്ത്യൻ ദേശീയ ടീം വിക്കറ്റ് കീപ്പറായ കെ.എൽ. രാഹുലിന്റെ ലക്നോ സൂപ്പർ ജയന്റ്സ് ആണു ഡൽഹി ക്യാപ്പിറ്റൽസിന്റെ എതിരാളി. ആൻഡി ഫ്ളവറിന്റെ ശിക്ഷണത്തിലിറങ്ങുന്ന ലക്നോ, തങ്ങളുടെ ഹോം ഗ്രൗണ്ടിൽ കളിക്കുന്ന ആദ്യ മത്സരമാണ് ഇന്നത്തേത് എന്നതാണ് ശ്രദ്ധേയം.