ഫോർമാറ്റ് അഞ്ച് ടീമുകളും പരസ്പരം രണ്ടു തവണ വീതം ലീഗ് റൗണ്ടിൽ ഏറ്റുമുട്ടും. ഒരു ടീമിന് എട്ട് മത്സരം ലഭിക്കും. ലീഗ് റൗണ്ടിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീം നേരിട്ട് ഫൈനലിലേക്ക് മുന്നേറും. രണ്ടും മൂന്നും സ്ഥാനക്കാർ തമ്മിൽ എലിമിനേറ്റർ പോരാട്ടം അരങ്ങേറും. എലിമിനേറ്ററിൽ ജയിക്കുന്ന ടീമിന് ഫൈനൽ ടിക്കറ്റ് ലഭിക്കും. മാർച്ച് 15നാണ് എലിമിനേറ്റർ പോരാട്ടം.
2023 എഡിഷൻ ഫൈനലിൽ ഡൽഹി ക്യാപ്പിറ്റൽസിനെ ഏഴ് വിക്കറ്റിനു കീഴടക്കിയാണ് മുംബൈ ഇന്ത്യൻസ് കിരീടം സ്വന്തമാക്കിയത്. നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലും മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തിലുമായിരുന്നു പ്രഥമ സീസണ്.
ബോളിവുഡ് ഉദ്ഘാടനം വർണാഭമായ ഉദ്ഘാടനചടങ്ങോടെയാണ് ഇന്ന് ഡബ്ല്യുപിഎല്ലിന് മിഴിതുറക്കുക. ബോളിവുഡ് സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാൻ അടക്കമുള്ള വന്പൻ താരനിരയാണ് ഉദ്ഘാടന ചടങ്ങിനു കൊഴുപ്പേകുന്നത്. ഡബ്ല്യുപിഎൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത് അനുസരിച്ച് ഷാരൂഖ് ഖാനൊപ്പം ഷാഹിദ് കപൂർ, വരുണ്‍ ധവാൻ, സിദ്ധാർഥ് മൽഹോത്ര, ടൈഗർ ഷെറോഫ്, കാർത്തിക് ആര്യൻ തുടങ്ങിയവരെല്ലാം അണിനിരക്കും.
വൈകുന്നേരം 6.30 മുതലാണ് ഉദ്ഘാടന മാമാങ്കം. തുടർന്ന് മത്സരം അരങ്ങേറും. സ്പോർട്സ് 18 ചാനലിലൂടെയും ജിയൊസിനിമ പ്ലാറ്റ്ഫോം വഴിയും ഉദ്ഘാടന ചടങ്ങും ഡബ്ല്യുപിഎൽ മത്സരങ്ങളും തത്സമയം ആരാധകർക്ക് മുന്നിലെത്തും.