സീൻ നദീതീരത്ത്
പാരീസ് നഗരത്തിന്റെ ഹൃദയത്തിലൂടെ ഒഴുകുന്ന സീൻ നദീതീരത്താണ് 2024 പാരീസ് ഒളിന്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം. ചരിത്രത്തിൽ ആദ്യമായാണ് ഒളിന്പിക്സ് പ്രധാന സ്റ്റേഡിയത്തിൽ അല്ലാതെ ഒരു എഡിഷന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തപ്പെടുക എന്നതാണ് ഇതിന്റെ പ്രത്യേകത.
കപ്പൽ മാർഗമാണ് ഒളിന്പിക് ദീപശിഖ ഫ്രാൻസിൽ എത്തുക. മേയ് എട്ടിന് മാഴ്സെയിൽ ദീപശിഖ എത്തും. 1.5 ലക്ഷം ആളുകൾ അന്ന് ചടങ്ങിൽ സംബന്ധിക്കുമെന്നാണ് പ്രാഥമിക വിവരം.
ലിംഗസമത്വം ഒളിന്പിക്സ് ചരിത്രത്തിൽ ആദ്യമായി പുരുഷ-വനിതാ അത്ലറ്റുകളുടെ എണ്ണം തുല്യമായിരിക്കും എന്നതാണ് 2024 പാരീസ് എഡിഷന്റെ ഏറ്റവും വലിയ പ്രത്യേകത. ലിംഗസമത്വത്തിന് പാരീസ് വേദിയാകുന്നു എന്നത് മറ്റൊരു ചരിത്രനിമിഷമാണ്. കാരണം, ആധുനിക ഒളിന്പിക്സിൽ ആദ്യമായി വനിതകൾ മത്സരരംഗത്ത് ഉണ്ടായിരുന്നതും 1900ൽ പാരീസിൽവച്ചായിരുന്നു. അന്ന് 22 വനിതകളാണ് ഒളിന്പിക്സിൽ പങ്കെടുത്തത്. ബ്രിട്ടന്റെ ഷാർലറ്റ് കൂപ്പർ ആയിരുന്നു ആദ്യമായി വനിതാ വ്യക്തിഗത ഒളിന്പിക് സ്വർണം സ്വന്തമാക്കിയത്.
ഈഫൽ ടവറിന്റെ കഷണം
പാരീസ് ഒളിന്പിക്സിൽ മെഡൽ ജേതാക്കൾക്ക് ചരിത്ര നിർമ്മിതിയായ ഈഫൽ ടവറിന്റെ ഒരു കഷ്ണം വീട്ടിൽ കൊണ്ടുപോകാം! മെഡലിൽ ഈഫൽ ടവറിന് ഉപയോഗിച്ച ഇരുന്പിന്റെ ചെറിയ കഷ്ണം ചേർത്തിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിൽ ഈഫൽ ഗോപുരത്തിന്റെ ലിഫ്റ്റുകൾ നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു.
അങ്ങനെ ചിലഭാഗങ്ങൾ അയണ് ലേഡി എന്നറിയപ്പെടുന്ന ഈഫലിൽനിന്ന് നീക്കം ചെയ്ത് സംരക്ഷിച്ചിരുന്നു. 2024 ഒളിന്പിക്സിൽ ഈ കഷ്ണങ്ങൾ മെഡലുകളാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയയ്ക്കാൻ ഈഫൽ ടവർ ഓപ്പറേറ്റിംഗ് കന്പനി തീരുമാനിച്ചു. ഈഫൽ ടവറിൽനിന്നെടുത്ത് ശുദ്ധീകരിച്ച ഈ ഇരുന്പ് ഷഡ്ഭുജ ആകൃതിയിൽ മെഡലിന്റെ നടുക്ക് സ്ഥാപിച്ചിരിക്കുകയാണ്.
19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ തന്റെ മകളുടെ വിവാഹം ആഘോഷിക്കാൻ ഷുമെയിൽനിന്ന് ഒരു മുത്ത്നെക്ലേസ് ഓർഡർ ചെയ്ത എഞ്ചിനിയർ ഈഫലിനുള്ള അംഗീകാരമായാണ് ഒളിന്പിക് മെഡൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.