ആദ്യ എട്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒരു ജയവും ഏഴ് തോൽവിയുമായി ദയനീയ അവസ്ഥയിലായിരുന്നു ആർസിബി. എന്നാൽ, തുടർന്ന് വൻ തിരിച്ചുവരവിലൂടെ പ്ലേ ഓഫ് വക്കിൽവരെ എത്തിനിൽക്കുയാണ് ടീം.
13 മത്സരങ്ങളിൽ ആറ് ജയവും ഏഴ് തോൽവിയുമായി 12 പോയിന്റുമായി ആറാം സ്ഥാനത്താണ് ആർസിബി. നെറ്റ് റണ്‍റേറ്റ് പ്ലസ് (+0.387) ആണെന്നത് ആർസിബിയുടെ പ്ലേ ഓഫ് സ്വപ്നങ്ങൾക്ക് ചിറകുനൽകുന്ന ഘടകമാണ്.
പ്ലേ ഓഫ് സാധ്യത ഇങ്ങനെ 14 പോയിന്റുമായി നാലാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിംഗ്സിന് പ്ലേ ഓഫ് ബെർത്ത് ലഭിക്കാൻ ഒരു പോയിന്റ് മാത്രം മതി. അതായത് ഇന്ന് ബംഗളൂരുവിന് എതിരായ മത്സരം മഴയിൽ ഉപേക്ഷിച്ചാൽപോലും ചെന്നൈക്ക് പ്ലേ ഓഫ് ലഭിക്കും. ആദ്യ നാല് സ്ഥാനക്കാർക്കാണ് പ്ലേ ഓഫ് ബെർത്ത്.
അതേസമയം, 12 പോയിന്റുമായി ആറാം സ്ഥാനത്തുള്ള ബംഗളൂരുവിന് ഇന്ന് മികച്ച വ്യത്യാസത്തിൽ ചെന്നൈയെ കീഴടക്കിയാൽ മാത്രമേ പ്ലേ ഓഫ് ലഭിക്കൂ. കാരണം, ചെന്നൈ (+0.528) നെറ്റ് റണ്‍റേറ്റിൽ ബംഗളൂരുവിനേക്കാൾ (+0.387) മുന്നിലാണ്.
ആദ്യം ബാറ്റ് ചെയ്ത് 200 റണ്‍സിൽ കൂടുതൽ സ്കോർ ചെയ്യുകയും ചുരുങ്ങിയത് 18 റണ്‍സിന് ജയിക്കുകയും ചെയ്താൽ നെറ്റ് റണ്‍റേറ്റിൽ ചെന്നൈയെ പിന്തള്ളി ബംഗളൂരുവിന് പ്ലേ ഓഫിൽ പ്രവേശിക്കാം.
മറിച്ച് രണ്ടാമതാണ് ആർസിബി ബാറ്റ് ചെയ്യുന്നതെങ്കിൽ 18.1 ഓവറിലോ, അതിനു മുന്‍പോ ജയം സ്വന്തമാക്കിയാൽ മാത്രമേ നെറ്റ് റണ്‍റേറ്റിൽ സിഎസ്കെയെ മറിക്കാൻ സാധിക്കൂ. രണ്ടാമതാണ് ബാറ്റ് ചെയ്യുന്നതെങ്കിൽ ചുരുങ്ങിയത് 11 പന്ത് ബാക്കിവച്ച് ചെന്നൈയെ ചേസ് ചെയ്ത് ജയിക്കണമെന്നു ചുരുക്കം.