ചരിത്രം കുറിച്ച് വിനേഷ് വിനേഷ് ഫോഗട്ട് ഫൈനലിൽ. ക്യൂബയുടെ യുസ്നീലിസ് ലോപസിനെ 5-0ന് തകർത്താണ് ഫോഗട്ടിന്റെ ഫൈനൽ പ്രവേശനം. ഒളിന്പിക് ഗുസ്തിയിൽ ആദ്യമായാണ് ഒരു ഇന്ത്യൻ വനിത ഫൈനലിൽ പ്രവേശിക്കുന്നത്. ഇതോടെ ഇന്ത്യ നാലാം മെഡൽ ഉറപ്പാക്കി. ഇന്ന് രാത്രി 11.20നാണ് ഫൈനൽ.
82-1: ഒടുവിൽ യുയി തോറ്റു 14-ാം വയസ് മുതൽ രാജ്യാന്തരവേദിയിൽ തോൽവി അറിയാതെ മുന്നേറുന്ന ഗുസ്തിക്കാരിയാണ് ഇരുപത്തഞ്ചുകാരിയായ ജാപ്പനീസ് താരം യുയി സുസാകി. പാരീസ് ഒളിന്പിക്സ് പ്രീക്വാർട്ടറിൽ വിനേഷ് ഫോഗട്ടിനെ നേരിടുന്നതിനു മുന്പുവരെയായി 82-0 എന്നതായിരുന്നു യുയിയുടെ ജയ-പരാജയ കണക്ക്.
അതായത് രാജ്യാന്തര വേദിയിൽ മത്സരിച്ച 82 മത്സരങ്ങളിലും ജയിച്ച ചരിത്രമാത്രമായിരുന്നു യുയിക്കുണ്ടായിരുന്നത്. എന്നാൽ, ആ ചരിത്രം വിനേഷ് ഫോഗട്ടിനു മുന്നിൽ ചെലവായില്ല. 0-2നു പിന്നിൽനിന്നെത്തി, 3-2നു ജയിച്ച് വിനേഷ് മുന്നേറി. 0-2ന് പിന്നിലായിരുന്ന വിനേഷ് അവസാന സെക്കൻഡുകളിൽ മൂന്ന് പോയിന്റ് നേടിയാണ് ജയത്തിലെത്തിയത്. സുസാകി അപ്പീൽ നൽകിയെങ്കിലും തീരുമാനം വിനേഷിന് അനുകൂലമായിരുന്നു.
ലോക ചാന്പ്യൻഷിപ്പിൽ രണ്ട് വെങ്കലം, ഏഷ്യൻ ഗെയിംസ് സ്വർണം, കോമണ്‍വെൽത്ത് ഗെയിംസിൽ മൂന്നു സ്വർണം, ഏഷ്യൻ ചാന്പ്യൻഷിപ്പ് ജേതാവ് എന്നിങ്ങനെ മികച്ച ട്രാക്ക് റിക്കാർഡുള്ള താരമാണ് ഇരുപത്തൊന്‍പതുകാരിയായ വിനേഷ് ഫോഗട്ട്.