മർഷോങ്, ബൈൽസ് പാരീസ് ഒളിന്പിക്സിൽ നാലു സ്വർണം സ്വന്തമാക്കിയ ഫ്രഞ്ച് നീന്തൽതാരം ലെയോണ്‍ മർഷോങ്, തുയറി ഗാർഡനിലെ ഒളിന്പിക് ബലൂണ്‍ അണച്ച് ദീപം സ്റ്റെഡ് ഡെ ഫ്രാൻസിലേക്കു കൊണ്ടുവന്നതോടെയായിരുന്നു 33-ാം ലോക കായികമാമാങ്കത്തിന്റെ സമാപന സമ്മേളനം തുടങ്ങിയത്. ഇന്റർനാഷണൽ ഒളിന്പിക് കമ്മിറ്റി (ഐഒസി) പ്രസിഡന്റ് തോമസ് ബാഷിൽനിന്ന് ഒളിന്പിക് പതാക ലോസ് ആഞ്ചലസ് മേയർ കാറെൻ ബാസ് ഏറ്റുവാങ്ങി. അമേരിക്കൻ ജിംനാസ്റ്റ് സിമോണ്‍ ബൈൽസ് കാറെനൊപ്പമുണ്ടായിരുന്നു.
സമാപന സമ്മേളനത്തിൽ ഇന്ത്യയുടെ ദേശീയ പതാക ഷൂട്ടിംഗ് താരം മനു ഭാകറും മലയാളി ഹോക്കിതാരം പി.ആർ. ശ്രീജേഷും ചേർന്നു കൈയിലേന്തി. സംഗീതവും നൃത്തവും കരിമരുന്നു പ്രയോഗവുമെല്ലാമായി 33-ാം ഒളിന്പിക്സിനു പാരീസ് ഗംഭീര യാത്രയയപ്പു നൽകി.
ലൗ @ പാരീസ് സമാപന സമ്മേളനത്തിൽ 9,000 കായിക താരങ്ങളാണ് പങ്കെടുത്തത്. ഏറ്റവും കൂടുതൽ കാണികൾ, ഏറ്റവും കൂടുതൽ ഹാജർ, ഏറ്റവും കൂടുതൽ വനിതാ പങ്കാളിത്തം എന്നിങ്ങനെ റിക്കാർഡുകൾ പാരീസിൽ കുറിക്കപ്പെട്ടു. ഏറ്റവും കൂടുതൽ വിവാഹ അഭ്യർഥന എന്ന മറ്റൊരു റിക്കാർഡും പാരീസ് ഒളിന്പിക്സിനിടെ പിറന്നതായി അധികൃതർ അറിയിച്ചു.
ചൈനീസ് മിക്സഡ് ഡബിൾസ് ബാഡ്മിന്റണ്‍ താരങ്ങളായ ഹുവാങ് യാകിയോഗ്-ലിയു യുചെൻ, ഫ്രഞ്ച് സൈക്ലിസ്റ്റ് റൊമെയ്ൻ മഹിയു-ഓസ്ട്രേലിയൻ വനിതാ സൈക്ലിസ്റ്റ് സയ സകാകിബറ തുടങ്ങിയവരെല്ലാം പാരീസ് ഒളിന്പിക് മെഡൽ നേട്ടങ്ങൾക്കു പിന്നാലെ വിവാഹാഭ്യർഥന നടത്തിയവരുടെ പട്ടികയിൽപ്പെടുന്നു.