കുട്ടനാട്ടിൽ 12 പഞ്ചായത്തിൽ പ്രളയ പ്രതിരോധത്തിനു കമ്യൂണിറ്റി ഷെൽട്ടറുകൾ
Thursday, August 22, 2019 1:09 AM IST
തിരുവനന്തപുരം: കുട്ടനാട്ടിലെ 12 പഞ്ചായത്തുകളിൽ പ്രളയ പ്രതിരോധ ശേഷിയുള്ള കമ്യൂണിറ്റി ഷെൽട്ടറുകൾ നിർമിക്കുന്നതിനു മന്ത്രിസഭാ തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ തുക ഉപയോഗിച്ചാണു നിർമാണം.
കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് മുഖേനയാണു പദ്ധതി നടപ്പാക്കുക. 2018 ഓഗസ്റ്റിൽ സംസ്ഥാനം നേരിട്ട പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കെഎസ്എഫ്ഇ 35.99 കോടി രൂപ മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ഈ തുക ഉപയോഗിച്ച് കുട്ടനാട്ടിൽ കമ്യൂണിറ്റി ഷെൽട്ടറുകൾ നിർമിക്കണമെന്ന താത്പര്യം കെഎസ്എഫ്ഇ മാനേജ്മെന്റും ജീവനക്കാരും പ്രകടിപ്പിച്ചിരുന്നു. അതനുസരിച്ച് പദ്ധതി നടപ്പാക്കുന്നതിന് 35.99 കോടി രൂപ കെഎസ്എഫ്ഇക്ക് തിരികെ നൽകാൻ മന്ത്രിസഭ അനുമതി നൽകി.
സഹകരണ വകുപ്പിന്റെ കെയർഹോം പദ്ധതി മാതൃകയിലാണ് കമ്യൂണിറ്റി ഷെൽട്ടറുകൾ കെഎസ്എഫ്ഇ നിർമിക്കുക. ഇതിനായി റോഡ് സൗകര്യമുള്ള ഒരു ഏക്കർ വീതം സ്ഥലം ഉപയോഗിക്കുന്നതിന് പഞ്ചായത്തുകൾക്ക് പ്രത്യേക അനുമതി നൽകാനും തീരുമാനിച്ചു.