കനത്ത മഴയ്ക്കു സാധ്യത; ഇടുക്കിയിലും തൃശൂരിലും ഓറഞ്ച് അലർട്ട്
Thursday, August 22, 2019 1:09 AM IST
തിരുവനന്തപുരം: ഇടുക്കി, തൃശൂർ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് അത്യന്തം കനത്ത മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. 24 മണിക്കൂറിൽ 20 സെന്റിമീറ്റർ വരെയുള്ള കനത്ത മഴയ്ക്കാണു സാധ്യത. രണ്ടു ജില്ലകളിലും ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഇതിനു പുറമെ കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 11 സെന്റിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്.
ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശനിയാഴ്ചയും മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഞായറാഴ്ചയും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.