പാലായ്ക്കു പ്രാധാന്യമേറി: ഉമ്മൻ ചാണ്ടി
Sunday, September 22, 2019 1:08 AM IST
തിരുവനന്തപുരം: അഞ്ചു നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ പാലാ ഉപതെരഞ്ഞെടുപ്പിന്റെ പ്രാധാന്യം പതിന്മടങ്ങ് വർധിച്ചിരിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി.കെ.എം. മാണിയുടെ ഓർമകളും ഭരണവിരുദ്ധ വികാരവും നിറഞ്ഞുനിൽക്കുന്ന പാലായിൽ യുഡിഎഫ് മികച്ച വിജയം കൈവരിക്കും. പാലായിലെ ഉജ്വലവിജയം അഞ്ചു മണ്ഡലങ്ങളിൽ യുഡിഎഫിനു വലിയ ആത്മവിശ്വാസം നല്കും.
പാലായിലെ തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. ഈ വെല്ലുവിളി യുഡിഎഫ് ഏറ്റെടുത്തു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ട ഭരണവിരുദ്ധ വികാരം അതിലും ശക്തമായാണു പാലായിൽ കണ്ടത്. സാധാരണക്കാരെയും കർഷകരെയും കടുത്ത ദുരിതത്തിലാക്കിയ പിണറായി സർക്കാരും മോദി സർക്കാരും സന്പൂർണ പരാജയമാണ്. ഇതിനെതിരേ ശക്തമായ വിധിയെഴുത്ത് പാലായിൽ ഉണ്ടാകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.