എട്ടു ജില്ലകളിൽ യെലോ അലർട്ട്
Thursday, October 24, 2019 12:46 AM IST
തിരുവനന്തപുരം: അതിതീവ്ര മഴയ്ക്കുള്ള സാധ്യതയൊഴിഞ്ഞെങ്കിലും സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത 24 മണിക്കൂറിൽ 11 സെന്റിമീറ്റർ വരെയുള്ള കനത്ത മഴയ്ക്കാണു സാധ്യത.
കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂറിൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.