കർഷക കടാശ്വാസം: 15 വരെ അപേക്ഷ നൽകാം
Monday, November 11, 2019 11:18 PM IST
തിരുവനന്തപുരം: സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ മുഖേന അനുവദിക്കുന്ന കടാശ്വാസത്തിനുള്ള വ്യക്തിഗത അപേക്ഷ നവംബർ 15വരെ നൽകാം. നിർദിഷ്ട ‘’’’സി’’’’ ഫോമിൽ പൂർണമായി പൂരിപ്പിച്ച അപേക്ഷയ്ക്കൊപ്പം വരുമാന സർട്ടിഫിക്കറ്റ്, കർഷകൻ അല്ലെങ്കിൽ കർഷകത്തൊഴിലാളിയാണെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും അപേക്ഷയുടെ ഒരു പകർപ്പും നിശ്ചിത രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ പകർപ്പും ഉൾപ്പെടുത്തണം. അപേക്ഷയിൽ ഒന്നിലധികം ബാങ്കുകളിൽനിന്നു വായ്പ എടുത്തിട്ടുള്ളതായി സൂചിപ്പിച്ചിട്ടുണ്ടെങ്കിൽ അത്രയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ കൂടുതലായി വയ്ക്കണം.
റേഷൻ കാർഡിന്റെ പകർപ്പ്, വരുമാനം തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം (അസൽ സമർപ്പിക്കണം), തൊഴിൽ കൃഷിയാണെന്ന്/ കർഷകത്തൊഴിലാളിയാണെന്നു തെളിയിക്കുന്ന കൃഷി ഓഫീസറുടെ സാക്ഷ്യപത്രം (അസൽ), മൊത്തം ഉടമസ്ഥാവകാശമുള്ള വസ്തുക്കളെത്രയാണെന്നു തെളിയിക്കുന്ന രേഖയോ അല്ലെങ്കിൽ കരം തീർത്ത രസീതിന്റെ പകർപ്പോ വയ്ക്കണം.