പെരിയാർ ടൈഗർ റിസർവ് രാജ്യത്തിന്റെ നെറുകയിൽ
Wednesday, November 20, 2019 12:01 AM IST
കുമളി: രാജ്യത്തെ മികച്ച കടുവാ സംരക്ഷണകേന്ദ്രമായി പെരിയാർ ടൈഗർ റിസർവിനെ ദേശീയ കടുവാ സംരക്ഷണ അഥോറിറ്റി തെരെഞ്ഞെടുത്തു. കഴിഞ്ഞ നാലുവർഷങ്ങളിലെ പ്രവർത്തനമികവ് തിട്ടപ്പെടുത്തിയാണ് അംഗീകാരവും അവാർഡും നൽകിയത്.
വനസംരക്ഷണത്തിലെ മികവ്, പ്രാദേശിക കൂട്ടായ്മയോടെയുള്ള വനസംരക്ഷണം, കാട്ടുതീ തടയൽ, വന്യജീവി സംരക്ഷണത്തിന് നൂതന സാങ്കേതിക വിദ്യകൾ, പരിസ്ഥിതി സൗഹാർദ വിനോദ സഞ്ചാരവും തീർഥാടനവും പരിസ്ഥിതി ബോധവത്കരണവും, ജീവനക്കാർക്കുള്ള പരിശീലനവും സൗകര്യങ്ങളും, ആദിവാസി ഉന്നമനം, വനത്തിലെ വിവരങ്ങൾ ഉടൻ അറിയാനുള്ള റിയൽ ടൈം മോനിട്ടറിംഗ് തുടങ്ങിയവയാണ് പരിഗണിക്കപ്പെട്ടത്. 93.75 ശതമാനം മാർക്കാണ് പിടിആറിനു ലഭിച്ചത്. ദില്ലി വിജ്ഞാൻ ഭവനിൽ കേന്ദ്ര വനം -പരിസ്ഥിതി ഡയറക്ടർ സിദ്ധാനന്ദ ദാസിൽനിന്നും പിടിആർ ഫീൽഡ് ഡയറക്ടർ കെ.ആർ. അനൂപ് അവാർഡ് ഏറ്റുവാങ്ങി.