സാന്പത്തിക പ്രതിസന്ധി: യുഡിഎഫ് ധവളപത്രം ഇന്ന്
Friday, December 13, 2019 1:12 AM IST
തിരുവനന്തപുരം: കേരളം നേരിടുന്ന രൂക്ഷമായ സാന്പത്തിക പ്രതിസന്ധിയെക്കുറിച്ച് യുഡിഎഫ് തയാറാക്കിയ ധവളപത്രം ഇന്നു രാവിലെ 10 ന് കന്റോണ്‍മെന്റ് ഹൗസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തിറക്കും.
ചരിത്രത്തിലെ ഏറ്റവും കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെയാണു കേരളം കടന്നു പോകുന്നത്. നികുതി പിരിവിലെ പരാജയവും സംസ്ഥാന സർക്കാരിന്റെ ധൂർത്തുമാണ് ഈ ധന പ്രതിസന്ധിയിലേക്കു സംസ്ഥാനത്തെ തള്ളിവിട്ടത്. പ്രളയ ദുരിതാശ്വാസത്തിനായി ലഭ്യമാക്കിയ വായ്പത്തുക പോലും ശന്പളം കൊടുക്കാനായി വകമാറ്റുന്ന അവസ്ഥയിലാണു സർക്കാർ എത്തിയിരിക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയും ധൂർത്തും മൂലം തകർന്നിരിക്കുന്ന സംസ്ഥാനത്തിന്റെ സാന്പത്തിക സ്ഥിതി ജനങ്ങൾക്കു മുൻപിൽ തുറന്നു കാട്ടുന്ന ധവളപത്രം വി.ഡി. സതീശൻ എംഎൽഎ കണ്‍വീനറായ യുഡിഎഫ് സമിതിയാണു തയാറാക്കിയത്.
എംഎൽഎമാരായ കെ.എസ്. ശബരീനാഥൻ, കെ.എൻ.എ. ഖാദർ, എം. ഉമ്മർ, മോൻസ് ജോസഫ്, ഡോ. എൻ. ജയരാജ്, അനൂപ് ജേക്കബ്എന്നിവരാണു സമിതിയിലെ മറ്റ് അംഗങ്ങൾ.