കുറവിലങ്ങാട്: എൻസിസി കേരളാ ആൻഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റിലെ മികച്ച എൻസിസി ഓഫീസറായി കുറവിലങ്ങാട് ദേവമാതാ കോളജ് എൻസിസി ഓഫീസർ ക്യാപ്റ്റൻ സതീഷ് തോമസ് തെരഞ്ഞെടുക്കപ്പെട്ടു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളുൾക്കൊള്ളുന്ന കോട്ടയം ഗ്രൂപ്പിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ബെസ്റ്റ് എൻസിസി ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
സ്വച്ഛത അഭിയാൻ, പരിസ്ഥിതി, ട്രാഫിക്, പോക്സോ, മണ്‍സൂണ്‍ ബോധവത്ക്കരണം, ലഹരിവിരുദ്ധ, ഉൗർജസംരക്ഷണ, ജീവിതശൈലീ ബോധവത്കരണ റാലികൾ, സൈക്കിൾ റാലി, രക്തദാന ക്യാന്പ്, ഭവനനിർമാണം, അഡ്വഞ്ചർ ആക്ടിവിറ്റി, മണ്‍സൂണ്‍ ബോധവത്കരണം, ജീവിതശൈലി രോഗ ബോധവത്കരണ ക്യാന്പുകൾ, ദേശീയ- അന്തർദേശീയ ദിനാചരണം എന്നിങ്ങനെ നടത്തിയ പ്രവർത്തനങ്ങൾ അവാർഡിനായി പരിഗണിച്ചു. കോട്ടയം ബിസിഎം കോളജിൽ നടന്ന യോഗത്തിൽ എൻസിസി കോട്ടയം ഗ്രൂപ്പ് കമൻഡർ ബ്രിഗേഡിയർ എം.വി. സുനിൽകുമാർ അവാർഡ് സമ്മാനിച്ചു.
സ്വച്ഛഭാരത് അഭിയാന്റെ ഭാഗമായി ഇടമലക്കുടി ട്രൈബൽ പഞ്ചായത്തിൽ ദേവമാതാ കോളജ് എൻസിസി യൂണിറ്റ് നടത്തിയ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി മൻകീബാത്തിൽ പ്രതിപാദിക്കുകയും കേരളാ സർക്കാർ പ്രത്യേക പുരസ്കാരം നൽകുകയും ചെയ്തിരുന്നു. രക്തദാന രംഗത്തുള്ള മികച്ച പ്രവർത്തനങ്ങൾക്കു കേരളാ ആരോഗ്യവകുപ്പിന്റെ പ്രത്യേക പുരസ്കാരവും നേടി. റോട്ടറി ഇന്റർനാഷണൽ കുറവിലങ്ങാടിന്റെ വൊക്കേഷണൽ എക്സലെൻസ് അവാർഡും ലഭിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.