ഗജരത്നം ഗുരുവായൂർ പദ്മനാഭൻ വിട ചൊല്ലി
Thursday, February 27, 2020 12:48 AM IST
ഗുരുവായൂർ: ഭക്തകോടികൾ ഒന്നു കാണാൻ കൊതിക്കുന്ന, ഗുരുവായൂരപ്പന്റെ പൊൻതിടന്പ് ആറു ദശാബ്ദക്കാലം ശിരസിലേറ്റിയ കോടിപുണ്യവുമായി കൃഷ്ണഭക്തർക്കും ആനക്കന്പക്കാർക്കും ഏറെ പ്രിയങ്കരനായ ഗജരത്നം ഗുരുവായൂർ പത്മനാഭൻ വിടവാങ്ങി.
അസുഖബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്ന പത്മനാഭന്റെ ആരോഗ്യസ്ഥിതി ഇന്നലെ രാവിലെയോടെ കൂടുതൽ മോശമാവുകയും ഉച്ചയ്ക്കു 2.10ഓടെ ചെരിയുകയുമായിരുന്നു. എണ്പതു വയസ് കഴിഞ്ഞെന്നു കണക്കാക്കുന്ന ഗുരുവായൂർ പത്മനാഭൻ ചികിത്സയ്ക്കിടെ ഭേദപ്പെട്ടുവരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ചെരിഞ്ഞത്.
കെട്ടുംതറിയിൽ കിടന്ന പത്മനാഭൻ അവസാനനേരം തുന്പി ഉയർത്തി യാത്രയാവുകയാണെന്നു ചുറ്റുംനിന്നവരെ ധരിപ്പിച്ചു മിഴിയടയ്ക്കുകയായിരുന്നു.