കോവിഡ് മരണം: വിമാനത്തിൽ ഒപ്പമുണ്ടായിരുന്ന 83 പേർ നിരീക്ഷണത്തിൽ
Sunday, March 29, 2020 12:39 AM IST
കൊച്ചി: കോവിഡ് -19 രോഗം ബാധിതനായി മരിച്ച മട്ടാഞ്ചേരി സ്വദേശിക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന 83 പേർ നിരീക്ഷണത്തിലാണെന്നു ജില്ലാ ഭരണകൂടം. മാർച്ച് 16നു വൈകിട്ട് 6.55ന് എയർ ഇന്ത്യയുടെ ദുബായിൽനിന്നുള്ള വിമാനത്തിൽ 148 യാത്രക്കാരാണുണ്ടായിരുന്നത്. ഇതിൽ എറണാകുളം സ്വദേശികളായ 34 പേർ ഉൾപ്പെടെ 83 പേരാണ് അരോഗ്യവകുപ്പിന്റെ കർശന നിരീക്ഷണത്തിലുള്ളതെന്നു ജില്ലാ ഭരണകൂടം അറിയിച്ചു.
വിമാനത്തിൽ ഒപ്പം യാത്ര ചെയ്ത ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കു രോഗം സ്ഥിരീകരിച്ചിരുന്നു. ഇരുവരെയും നെടുന്പാശേരി വിമാനത്താവളത്തിൽനിന്നു മട്ടാഞ്ചേരി ചുള്ളിക്കലിലെ ഫ്ലാറ്റിലേക്കു കൊണ്ടുപോയ ഊബർ ടാക്സി ഡ്രൈവർക്കും രോഗം കണ്ടെത്തി. കടുത്ത പനി കണ്ടതിനെത്തുടർന്ന് ഇയാളുടെ സാന്പിളുകൾ പരിശോധിച്ചതിൽനിന്നാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടർമാർ അറിയിച്ചു.