സന്നദ്ധ പ്രവർത്തകർ ഇനി പോലീസ് വോളന്റിയർമാർ
Wednesday, May 27, 2020 12:21 AM IST
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ നടപ്പാക്കാൻ സർക്കാരിനെ സഹായിക്കാൻ തെരഞ്ഞെടുക്കപ്പെട്ട സന്നദ്ധ പ്രവർത്തകരുടെ സേവനം ഇനി പോലീസിനും ലഭിക്കുമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ.
പോലീസ് വോളണ്ടിയർമാർ എന്നാണ് ഇവർ അറിയപ്പെടുക. പോലീസ് വോളന്റിയേഴ്സ് എന്നു മഞ്ഞ അക്ഷരത്തിലെഴുതിയ, നീല നിറത്തിൽ മൂന്നിഞ്ച് വീതിയുള്ള തുണിയിൽ നിർമിച്ച ആം ബാൻഡ് ഇവർക്കു നൽകും. രണ്ടു പേരടങ്ങുന്ന പോലീസ് സംഘത്തിൽ ഒരാളായി ഈ വോളന്റിയർ ഉണ്ടാകും. ബൈക്ക് പട്രോൾ നടത്തുന്ന പോലീസുകാർക്കൊപ്പവും ഇവരെ നിയോഗിക്കും. ഇവരുടെ വിശദവിവരങ്ങൾ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ സൂക്ഷിക്കും.
പോലീസിനോടൊപ്പം ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലിചെയ്യാൻ ആവശ്യമായ പ്രോത്സാഹനവും സഹായവും വോളന്റിയർമാർക്ക് നൽകണമെന്നു ലോക്നാഥ് ബെഹ്റ നിർദേശിച്ചു.