കോവിഡ് നിരീക്ഷണത്തിലായിരുന്നയാൾ മരിച്ചനിലയിൽ
Monday, July 6, 2020 12:23 AM IST
ചിങ്ങവനം: വീട്ടിൽ കോവിഡ് നിരീക്ഷണത്തിലായിരുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി. പനച്ചിക്കാട്, പൂവൻതുരുത്ത്, ലാവണ്യത്തിൽ മധു(45)വിനെയാണ് ഇന്നലെ രാവിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ 26ന് ദുബായിയിൽനിന്നും വീട്ടിലെത്തി ക്വാറന്റൈനിൽ കഴിഞ്ഞു വരികയായിരുന്നു. ശനിയാഴ്ച ഭക്ഷണം കഴിച്ചു കിടന്ന മധുവിനെ ഇന്നലെ രാവിലെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യയും മകളുമാണ് വീട്ടിലുണ്ടായിരുന്നത്. തുടർന്ന് വീട്ടുകാർ ആരോഗ്യ പ്രവർത്തകരേയും പഞ്ചായത്ത് അധികൃതരേയും വിവരം അറിയിച്ചു. കരൾ, ഷുഗർ, പ്രഷർ, ഫിക്സ് തുടങ്ങിയ രോഗങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇയാളുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു.
ആരോഗ്യ പ്രവർത്തകരെത്തി ആംബുലൻസിൽ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്കു ശേഷമേ ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കുകയുള്ളു.