കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കും: മന്ത്രി ജയരാജൻ
Monday, July 6, 2020 12:25 AM IST
തിരുവനന്തപുരം: ഇ-മൊബലിറ്റി രംഗത്ത് ജപ്പാന്റെ സഹായത്തോടെ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കുമെന്നു മന്ത്രി ഇ. പി. ജയരാജൻ. വ്യവസായ-കാർഷിക മേഖലയിൽ ജപ്പാൻ സാങ്കേതിക വിദ്യ കൂടുതലായി ഉപയോഗിക്കുമെന്നും മന്ത്രി അറിയിച്ചു. ജപ്പാനിലെ ലോക മലയാളി ഫെഡറേഷൻ പ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറൻസിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കോവിഡിനു ശേഷമുള്ള പുതിയ സാഹചര്യത്തെ ഫലപ്രദമായി വിനിയോഗിക്കാനുള്ള അവസരം കേരളത്തിലുണ്ട്. നിക്ഷേപകർക്ക് വലിയ അവസരമാണൊരുങ്ങുന്നത്. സംസ്ഥാനത്തിന്റെ വികസന പ്രക്രിയയിൽ പങ്കാളികളാകുന്നതിന് പ്രവാസികൾക്ക് മികച്ച അന്തരീക്ഷം ഒരുങ്ങുകയാണെന്നും അതിനനുസരിച്ച് ക്രിയാത്മകമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വേൾഡ് മലയാളി ഫെഡറേഷൻ ജപ്പാൻ ഘടകം സംഘടിപ്പിക്കുന്ന മലയാളം മിഷന്റെ ഓണ്‍ലൈൻ മലയാള ക്ലാസും വീഡിയോ കോണ്‍ഫറൻസിലൂടെ മന്ത്രി ഉദ്ഘാടനം ചെയ്തു.