ശിവശങ്കറിനെതിരായ അന്വേഷണം: റിപ്പോർട്ട് ഉടനെന്നു പിണറായി വിജയൻ
Thursday, July 16, 2020 12:48 AM IST
തിരുവനന്തപുരം: മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരായ ആരോപണങ്ങളേക്കുറിച്ച് അന്വേഷിക്കുന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് പെട്ടെന്നു തന്നെ ലഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
റിപ്പോർട്ടിൽ കുറ്റക്കാരനെന്നു കണ്ടെത്തിയാൽ നടപടിയുണ്ടാകും. സ്വർണക്കടത്തുമായി ബന്ധപ്പെട്ട തീവ്രവാദ ബന്ധത്തേക്കുറിച്ച് എൻഐഎ ആണ് അന്വേഷിക്കുന്നത്. കള്ളക്കടത്തു സംബന്ധമായ കാര്യങ്ങൾ കസ്റ്റംസ് അന്വേഷിക്കും. ഇക്കാര്യങ്ങളൊന്നും സംസ്ഥാന പോലീസ് അല്ല അന്വേഷിക്കേണ്ടത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണം പ്രഹസനമാണെന്ന പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം മുഖ്യമന്ത്രി തള്ളിക്കളഞ്ഞു.