1,211 പേർക്കു കോവിഡ്; 970 പേർക്കു രോഗമുക്തി
Monday, August 10, 2020 1:52 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 1211 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 970 പേർക്കു രോഗം ഭേദമായി. ഇതിനു പുറമെ രണ്ടു മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 108 ആയി.
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ട 1026 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വിദേശത്തുനിന്നെത്തിയ 76 പേർക്കും മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തിയ 78 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇതിൽ 103 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 27 ആരോഗ്യപ്രവർത്തകർക്കും രോഗം പിടിപെട്ടു.
ഇക്കഴിഞ്ഞ നാലിനു മരണമടഞ്ഞ കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി അബ്ദുൾ ഖാദർ (67), ആറിന് മരിച്ച എറണാകുളം പള്ളുരുത്തി സ്വദേശി കെ.വി. റാഫി (64) എന്നിവരുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുള്ളത്.
രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-292, മലപ്പുറം-170, കോട്ടയം-139, ആലപ്പുഴ-110, കൊല്ലം-106, പാലക്കാട്-78, കോഴിക്കോട്-69, കാസർഗോഡ്-56, എറണാകുളം- 54, കണ്ണൂർ-41, പത്തനംതിട്ട-30, വയനാട്-25, തൃശൂർ-24, ഇടുക്കി-17.