ജലീലിന്റെ ഔദ്യോഗിക വസതിക്കു മുന്നിൽ യൂത്ത് കോണ്ഗ്രസ് പ്രതിഷേധം
Wednesday, September 16, 2020 11:56 PM IST
തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീൽ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് വനിത പ്രവർത്തകർ മന്ത്രിയുടെ വസതിക്കു മുന്നിൽ പ്രതിഷേധിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഇരുപതോളം വനിത പ്രവർത്തകർ പോലീസിനെ വെട്ടിച്ചാണ് മസ്കറ്റ് ഹോട്ടലിനു സമീപത്തു നിന്നും മന്ത്രിയുടെ വസതിക്കു മുന്നിലേക്ക് കരിങ്കൊടിയുമായി ഓടിയെത്തിയത്. പ്രവർത്തകരുടെ അപ്രതീക്ഷിത നീക്കം പോലീസുകാരെയും വെട്ടിലാക്കി.
സമരക്കാരെ തടയുന്നതിനായി ഡ്യൂട്ടിയിലുണ്ടായിരുന്ന പുരുഷ പോലീസുകാർ വസതിയുടെ ഗേറ്റ് അടയ്ക്കുന്നതിനിടയിൽ വനിത പ്രവർത്തകരിൽ ഒരാൾ മതിൽ ചാടിക്കടക്കാൻ ശ്രമിച്ചു.
ഇവരെ തടയാൻ പുരുഷ പോലീസുകാർ ശ്രമിച്ചതോടെ പ്രവർത്തകരും പോലീസും തമ്മിൽ വലിയ തോതിൽ വാക്കേറ്റമുണ്ടായി. തുടർന്ന് വനിത പോലീസെത്തി. മതിലിൽ നിന്നും ഇറക്കാൻ ശ്രമിക്കുന്നതിനിടെ പ്രവർത്തക നിലത്തു വീണു. ഇതോടെ പ്രതിഷേധം കനത്തു. തുടർന്ന് വനിത പോലീസുമായി നടന്ന ഉന്തിലും തള്ളിലും യൂത്ത് കോണ്ഗ്രസ് ജില്ലാ സെക്രട്ടറി ആനി പ്രസാദിനു പരിക്കേറ്റു. തുടർന്ന് മുദ്രാവാക്യം വിളികളുമായി വസതിക്ക് മുന്നിൽ നിലയുറപ്പിച്ച പ്രവർത്തകർ ഗേറ്റിൽ കരിങ്കൊടി കെട്ടി.
പിന്നീട് കൂടുതൽ വനിത പോലീസ് എത്തി ബലപ്രയോഗത്തിലൂടെ ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.