അനിൽ അക്കരയ്ക്ക് സുരക്ഷ വേണമെന്നു ടി.എൻ. പ്രതാപൻ എംപി
Sunday, September 27, 2020 12:17 AM IST
തൃശൂർ: അനിൽ അക്കര എംഎൽഎയ്ക്ക് ഭീഷണിയുള്ള സാഹചര്യത്തിൽ പോലീസ് സുരക്ഷ നല്കണമെന്നു ടി.എൻ. പ്രതാപൻ എംപി ആവശ്യപ്പെട്ടു.
ലൈഫ് ഭവന പദ്ധതിയിലെ അഴിമതി പുറത്തുകൊണ്ടുവരുന്നതിനു നിയമപരമായ ഇടപെടൽ നടത്തിവരുന്ന അനിൽ അക്കര എംഎൽഎയെ അപായപ്പെടുത്തുമെന്നു ഫോണിലൂടെയും മറ്റും ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ സുരക്ഷ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ടി.എൻ. പ്രതാപൻ ആഭ്യന്തര വകുപ്പ് സെക്രട്ടറി, ഡിജിപി എന്നിവർക്കു കത്തു നൽകി.
ഭീഷണിപ്പെടുത്തിയാലും ആക്രമണം നടത്തിയാലും ആക്ഷേപിച്ചാലും അഴിമതി വെളിച്ചത്തു കൊണ്ടുവരുന്നതിൽനിന്നു പിറകോട്ടുപോവില്ലെന്നു ടി.എൻ. പ്രതാപൻ പറഞ്ഞു.
രാഷ്ട്രീയമായി മാത്രമായിരുന്നുവെങ്കിൽ കോണ്ഗ്രസ് നേരിടുകയും സംരക്ഷണം കൊടുക്കുകയും ചെയ്യും. എന്നാൽ, ഭരണകൂട പിന്തുണയോടെ നടക്കുന്ന ഗൂഢാലോചനയായതിനാലാണ് ആഭ്യന്തര വകുപ്പിൽനിന്നു പ്രത്യേകം സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നു പ്രതാപൻ വ്യക്തമാക്കി.