കോണ്ഗ്രസ് നേതാവ് സി.ആർ. ജയപ്രകാശ് നിര്യാതനായി
Friday, December 4, 2020 12:04 AM IST
കായംകുളം: മുതിർന്ന കോണ്ഗ്രസ് നേതാവും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന കായംകുളം ചക്കാലയിൽ അഡ്വ. സി.ആർ. ജയപ്രകാശ് (72) നിര്യാതനായി. കോവിഡ് ബാധിച്ച് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെയോടെയായിരുന്നു അന്ത്യം. ബുധനാഴ്ച കോവിഡ് പരിശോധനാ ഫലം വന്നപ്പോൾ നെഗറ്റീവായിരുന്നു. എഐസിസി അംഗം, ആലപ്പുഴ ഡിസിസി അധ്യക്ഷൻ, യുഡിഎഫ് ജില്ലാ ചെയർമാൻ എന്നീ പദവികൾ വഹിച്ച അദ്ദേഹം രണ്ടു തവണ കായംകുളം നഗരസഭ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
അരൂർ, കായംകുളം നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് കോണ്ഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. കായംകുളം ബാർ അസോസിയേഷൻ പ്രസിഡന്റ്, എസ്എൻ ട്രസ്റ്റ് മെന്പർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്നലെ വൈകുന്നേരം കായംകുളം കരീലക്കുളങ്ങരയിലെ കുടുംബ വീട്ടുവളപ്പിൽ നടത്തി. ഭാര്യ: ഗിരിജ (നങ്ങ്യാർകുളങ്ങര ടികഐം കോളജ് റിട്ട. പ്രഫസർ). മക്കൾ: ധനിക്ക്(ലണ്ടൻ), ധന്യ. മരുമക്കൾ: ഡോ. ജിഷ, ഡോ. ശരത്ത്.