അറബിക്കടലിൽ ന്യൂനമർദ സാധ്യത; കേരളത്തിൽ ശക്തമായി മഴ പെയ്യും
Thursday, May 13, 2021 2:02 AM IST
തിരുവനന്തപുരം: വെള്ളിയാഴ്ചയോടെ തെക്കുകിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ന്യൂനമർദം ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറിയേക്കാം. ന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഇല്ലെങ്കിലും വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്.
മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കേരളതീരത്ത് ഇന്നലെ അർധരാത്രി മുതൽ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തി. ആഴക്കടൽ മത്സ്യബന്ധനത്തിലേർപ്പെട്ടുകൊണ്ടിരിക്കുന്ന മത്സ്യത്തൊഴിലാളികൾ എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ വെള്ളിയാഴ്ചയും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഞായറാഴ്ചയും ഓറഞ്ച് അലർട്ടാണ്.
ഓറഞ്ച് അലർട്ടുള്ള ജില്ലകളിൽ 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെയുള്ള അതിശക്തമായ മഴയ്ക്കാണ് സാധ്യത.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്നും തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശനിയാഴ്ചയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഞായറാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
യെല്ലോ അലർട്ടുള്ള സ്ഥലങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്.