പൊതുമേഖലയിലെ ഭിന്നശേഷിക്കാര്‍ക്കും സ്പെഷല്‍ കാഷ്വല്‍ലീവ്
Wednesday, June 23, 2021 12:07 AM IST
കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങളിലെ 40 ശതമാനത്തിലധികം അംഗവൈകല്യമുള്ള ഭിന്നശേഷിക്കാരായ സ്ഥിരംജീവനക്കാര്‍ക്കു പ്രതിവര്‍ഷം 15 ദിവസത്തെ സ്പെഷല്‍ കാഷ്വല്‍ലീവ് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മനുഷ്യാവകാശ കമ്മീഷന് അംഗം വി.കെ. ബീനാകുമാരിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. ഇക്കാര്യം ആവശ്യപ്പെട്ട് എറണാകുളം ട്രാക്കോ കേബിള്‍ ജീവനക്കാരനായ കെ. ശ്രീകുമാര്‍ മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കിയിരുന്നു.
വൈകല്യവുമായി ആശുപത്രിയിലോ താമസസ്ഥലത്തോ ഉള്ള ചികിത്സയ്ക്കു വേണ്ടിയാണ് അവധി. മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും ഒറ്റത്തവണയായോ പലതവണയായോ അവധി അനുവദിക്കുകയെന്നു ധനവകുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഭിന്നശേഷിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിലവില്‍ സ്പെഷല്‍ ലീവ് ലഭിക്കുന്നുണ്ട്.