ന്യൂനപക്ഷ സ്കോളർഷിപ്; സുപ്രീംകോടതിയെ സമീപിക്കും: മുഖ്യമന്ത്രി
Friday, July 23, 2021 12:43 AM IST
തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനു തീരുമാനമെടുക്കാനാകില്ലെന്ന ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തു സുപ്രീം കോടതിയെ സമീപിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ധനാഭ്യർഥന ചർച്ചയ്ക്കു മറുപടി പറയുന്പോഴാണു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഹൈക്കോടതി പരാമർശം നിയമപരമായി പഠിക്കേണ്ട വിഷയമായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ എന്തു നടപടി സ്വീകരിക്കണമെന്നു മുതിർന്ന അഭിഭാഷകൻ കെ. പരാശരനോട് നിയമോപദേശം തേടി.
സുപ്രീംകോടതിയിൽ ചോദ്യം ചെയ്യണം എന്ന നിയമോപദേശമാണു ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തിലുള്ള നടപടികൾ സർക്കാർ സ്വീകരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.