ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒന്നര വയസുകാരി മരിച്ചു
Sunday, September 19, 2021 11:48 PM IST
ആലങ്ങാട്(കൊച്ചി): കുളിമുറിയിൽ വെള്ളം നിറച്ചുവച്ച ബക്കറ്റിനുള്ളിൽ വീണ് ഒന്നര വയസുകാരി മരിച്ചു.
സൗത്ത് കളമശേരി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ പാനായിക്കുളം പുലിമുറ്റത്ത് പള്ളത്ത് മഹേഷിന്റെ മകൾ മീനാക്ഷിയാണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് കുഞ്ഞിന്റെ അമ്മ സോനയുടെ കരുമാലൂർ മനയ്ക്കപ്പടിയിലെ വീട്ടിൽ വച്ചായിരുന്നു സംഭവം.
വീടിനുള്ളിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുളിമുറിയിലെ ബക്കറ്റിൽ മുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
ഉടൻ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇന്നു പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനല്‍കും. സഹോദരൻ: ഉണ്ണിക്കുട്ടൻ.