കണ്ണൂർ: കർഷകർക്ക് പ്രതിമാസം 5,000 രൂപവരെ പെൻഷൻ നൽകാനുള്ള കേരള കർഷക ക്ഷേമനിധി ബോർഡിന്റെ പദ്ധതിയിൽ രജിസ്ട്രേഷൻ തുടങ്ങി. വെബ് പോർട്ടലിൽ നേരിട്ടും അക്ഷയ കേന്ദ്രങ്ങൾ വഴിയും ബന്ധപ്പെട്ട രേഖകളുമായി രജിസ്റ്റർ ചെയ്യാം. കർഷക ക്ഷേമനിധി പെൻഷനു പുറമെ ഒൻപത് മറ്റ് ആനുകൂല്യങ്ങളും പദ്ധതിയിൽ ചേരുന്നതുവഴി കർഷകർക്കു ലഭിക്കും. https://kfwfb.kerala.gov.in എന്ന വെബ്സൈറ്റ് മുഖേനയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്.
പദ്ധതിയിൽ അംഗമാകാൻ വേണ്ട യോഗ്യത
18 വയസിനും 65 വയസിനും ഇടയിൽ പ്രായമുള്ളവർക്കാണ് ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നത്. വാർഷിക വരുമാനം അഞ്ചുലക്ഷം രൂപയിൽ കവിയാത്ത മൂന്നു വർഷത്തിൽ കുറയാതെ കൃഷി പ്രധാന ഉപജീവനമാർഗമാക്കിയിരിക്കുന്ന കർഷകർക്ക് ക്ഷേമനിധിയിൽ അംഗങ്ങളാകാം.
ഉദ്യാനകൃഷി, ഔഷധ സസ്യകൃഷി, നഴ്സറി നടത്തിപ്പ്, കാർഷിക വൃത്തി, വിളകളും ഇടവിളകളും, ഫലവൃക്ഷങ്ങളും പച്ചക്കറികളും, പുല്ലും തീറ്റപ്പുല്ലും, വൃക്ഷങ്ങൾ നട്ടുവളർത്തൽ തുടങ്ങി ഏതുതരത്തിലുള്ള കൃഷിക്കാർക്കും പദ്ധതിയിൽ ചേരാം. മത്സ്യം വളർത്തൽ, അലങ്കാര മത്സ്യം വളർത്തൽ, പശു, ആട്, പോത്ത്, പന്നി, മുയൽ മുതലായ മൃഗപരിപാലനം, കോഴി, കാട, താറാവ്, തേനീച്ച, പട്ടുനൂൽ പുഴു എന്നിവയുടെ പ്രജനനവും പരിപാലനവും കൃഷി അനുബന്ധ പ്രവർത്തനങ്ങൾക്കായി അല്ലെങ്കിൽ മറ്റേതെങ്കിലും കാർഷിക ആവശ്യത്തിനായുള്ള ഭൂമിയുടെ ഉപയോഗം നടത്തുന്നവർക്കെല്ലാം പദ്ധതിയിൽ അംഗങ്ങളാകാം.
ഉടമസ്ഥനായോ അനുമതി പത്രക്കാരനായോ കൈവശക്കാരനായോ സർക്കാർ ഭൂമി പാട്ടക്കാരനായോ കുത്തകപാട്ടക്കാരനായോ അഞ്ചു സെന്റിൽ കുറയാതെയും 15 ഏക്കറിൽ കവിയാതെയുമുള്ള ഭൂമിയിൽ കൃഷി നടത്തുന്നവർക്ക് പദ്ധതിയിൽ ചേരാം. ഏലം, റബർ, കാപ്പി, തേയില എന്നീ തോട്ടവിളകൾക്ക് പരമാവധി ഏഴര ഏക്കറാണ് പരിധി.
അപേക്ഷ സമർപ്പിക്കാൻ
വേണ്ട രേഖകളുടെ പകർപ്പുകൾ (200 KB യിൽ താഴെ) വയസ് തെളിയിക്കുന്ന രേഖ, ആധാർ, വില്ലേജ് ഓഫീസറിൽനിന്നു ലഭിക്കുന്ന വാർഷിക വരുമാന സർട്ടിഫിക്കറ്റ്, കൃഷി/കൃഷി അനുബന്ധ/കാർഷിക പ്രവർത്തനം സംബന്ധിച്ച് കർഷകന്റെ സത്യപ്രസ്താവന, കൃഷി അനുബന്ധ മേഖലയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം (കൃഷി ഓഫീസർ ഒഴികെ), ബാങ്ക് പാസ് ബുക്ക് പകർപ്പ്, ഭൂമി നികുതി രസീത്/ഭൂമി രേഖ, പാസ്പോർട്ട് സൈസ് ഫോട്ടോ.
അംശാദായം അടയ്ക്കൽ
100 രൂപ അടച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കുന്ന കർഷകർക്ക് ബോർഡിൽനിന്ന് അംശാദായം അടയ്ക്കാനുള്ള നിർദേശം ലഭിക്കുന്ന മുറയ്ക്ക് ആദ്യ ഗഡു ഓൺലൈൻ മുഖേന അടയ്ക്കാം. പ്രതിമാസം കുറഞ്ഞത് 100 രൂപയാണ് അടയ്ക്കേണ്ടത്.പ്രതിമാസ വിഹിതം ഉയർന്ന നിരക്കിലും അടയ്ക്കാം. സർക്കാരിന്റെ അംശാദായവിഹിതം തത്തുല്യമായ തുകയോ പരമാവധി പ്രതിമാസം 250 രൂപയോ ആയിരിക്കും. ഓരോ മാസവും പത്താം തീയതിക്കകം അടയ്ക്കണം. ആറുമാസത്തെയോ ഒരു വർഷത്തെയോ തുക ഒരുമിച്ച് അടയ്ക്കാം.
ക്ഷേമനിധി പെൻഷൻ
അഞ്ചുവർഷത്തിൽ കുറയാതെ അംശാദായം അടയ്ക്കുകയും ക്ഷേമനിധിയിൽ കുടിശിക ഇല്ലാതെ 60 വയസുവരെ അംശാദായം അടച്ച് അംഗമായി തുടരുകയും ചെയ്യുന്ന കർഷകർക്ക് അടച്ച അംശാദായത്തിന്റെയും അടച്ച കാലയളവിന്റെയും ആനുപാതികമായി പദ്ധതിപ്രകാരമുള്ള തുക പെൻഷനായി ലഭിക്കും.
അനാരോഗ്യ ആനുകൂല്യം
കുറഞ്ഞത് അഞ്ചുവർഷം അംശാദായം അടച്ച് കുടിശികയില്ലാതെ തുടരുന്ന അംഗത്തിന് പെൻഷൻ തീയതിക്ക് മുമ്പുതന്നെ അനാരോഗ്യം കാരണം കാർഷികവൃത്തിയിൽ തുടരാൻ കഴിയാത്ത അവസ്ഥയിൽ 60 വയസ് പൂർത്തിയാകുന്നതുവരെ നിശ്ചിത തുക ആനുകൂല്യം ലഭിക്കും. 60 വയസിനുശേഷം സാധാരണ പെൻഷൻ ലഭിക്കുകയും ചെയ്യും.
കുടുംബ പെൻഷൻ
ക്ഷേമനിധിയിൽ കുറഞ്ഞത് അഞ്ചുവർഷം അംശാദായം അടച്ചതിനുശേഷം കുടിശിക ഇല്ലാതെ അംശാദായം അടച്ചുവരികെ അംഗം മരിക്കുകയോ പെൻഷൻ കൈപ്പറ്റിക്കൊണ്ടിരിക്കെ അംഗം മരിക്കുകയോ ചെയ്താൽ അംഗത്തിന്റെ കുടുംബത്തിന് കുടുംബപെൻഷന് അർഹതയുണ്ടായിരിക്കും.
അവശതാ ആനുകൂല്യങ്ങൾ
അഞ്ചുവർഷം തുടർച്ചയായി അംശാദായം അടച്ച് കുടിശിക ഇല്ലാതെ തുടരുന്ന അംഗത്തിന് രോഗം മൂലമോ അപകടം മൂലമോ സ്ഥിരവും പൂർണവുമായ ശാരീരിക/മാനസിക അവശത കാരണം ജോലിചെയ്യാൻ കഴിയാത്ത അവസ്ഥയിൽ അവശത 50 ശതമാനത്തിന് മുകളിലാണെന്ന് മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പെൻഷൻ നൽകും.
ചികിത്സാ സഹായം
പദ്ധതിയിലെ അംഗങ്ങൾ ബോർഡ് തീരുമാനിക്കുന്ന ലൈഫ് ഇൻഷ്വറൻസ്/മെഡിക്കൽ ഇൻഷ്വറൻസ് പരിരക്ഷയിൽ അംഗമാകണം. ഗുരുതര രോഗബാധയുള്ളവർക്ക് ബോർഡ് നിശ്ചയിക്കുന്ന വ്യവസ്ഥകൾക്ക് വിധേയമായി പ്രത്യേക ചികിത്സാ ധനസഹായം നൽകും.
പ്രസ്തുത ഇൻഷ്വറൻസ് പദ്ധതിപ്രകാരം ചികിത്സാസഹായം ലഭിക്കുവാൻ അർഹതയില്ലാത്ത സാഹചര്യത്തിൽ കുടിശിക ഇല്ലാതെ തുടരുന്നവർക്ക് സർക്കാർ ആശുപത്രികളിലോ ബോർഡ് തീരുമാനിക്കുന്ന ആശുപത്രിയിലോ ഇൻ-പേഷന്റായുള്ള ചികിത്സയ്ക്ക് ഓരോ വർഷവും നിശ്ചിത തുക പദ്ധതിപ്രകാരം ലഭിക്കും.
പ്രസവാനുകൂല്യം
അഞ്ചുവർഷമെങ്കിലും തുടർച്ചയായി അംശാദായം അടച്ച് തുടർന്നും കുടിശികയില്ലാതെ അംശാദായം അടച്ചുവരുന്ന വനിതാ അംഗത്തിന് പ്രസവാനുകൂല്യമായി പദ്ധതിപ്രകാരം നിശ്ചിത തുക ലഭിക്കും.
വിവാഹ ധനസഹായം
അഞ്ചുവർഷം അംശാദായം അടച്ച് തുടർന്നും കുടിശികയില്ലാതെ അടച്ചുവരുന്ന വനിതാ അംഗങ്ങളുടെയും അംഗങ്ങളുടെ പെൺമക്കളുടെയും വിവാഹത്തിന് പദ്ധതിപ്രകാരം ധനസഹായം ലഭിക്കും.
ഒറ്റത്തവണ ആനുകൂല്യം
25 വർഷത്തിൽ കുറയാത്ത കാലയളവിൽ അംശാദായം അടച്ചിട്ടുള്ള അംഗങ്ങൾക്ക് മറ്റ് ആനുകൂല്യങ്ങൾക്കുപുറമെ നിശ്ചിത തുക ഒറ്റത്തവണയായി നൽകും.
വിദ്യാഭ്യാസ ധനസഹായം
അഞ്ചുവർഷമെങ്കിലും തുടർച്ചയായി അംശാദായം അടച്ച് തുടർന്നും കുടിശികയില്ലാതെ അംശാദായം അടച്ചുവരുന്ന അംഗങ്ങളുടെ മക്കൾക്ക് അംഗീകൃത സർവകലാശാലയുടെ അഫിലിയേഷനുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേരള സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബിരുദം മുതലുള്ള കോഴ്സ് പഠിക്കുന്നതിന് വിദ്യാഭ്യാസ ധനസഹായം നൽകും.
മരണാനന്തര ആനുകൂല്യം
അംഗം അസുഖം കാരണമോ അപകടം/പ്രകൃതിക്ഷോഭം/വന്യജീവി ആക്രമണം/വിഷബാധ എന്നിവ കാരണമോ മരിച്ചാൽ പെൻഷൻ ആനുകൂല്യത്തിന് പുറമെ ഇൻഷ്വറൻസ് പദ്ധതിപ്രകാരമുള്ള മരണാനന്തര ആനുകൂല്യം അന്തരാവകാശികൾക്കു ലഭിക്കും. നിധിയിലേക്ക് അംശാദായം അടയ്ക്കുകയും അഞ്ചുവർഷം പൂർത്തിയായില്ല എന്ന കാരണത്തിൽ ആനുകൂല്യങ്ങൾക്ക് അർഹതയില്ലാത്തവർക്ക് നിർണയിക്കപ്പെടാവുന്ന പ്രകാരമുള്ളതും നിർണയിക്കപ്പെടാവുന്ന നിരക്കിലുള്ളതുമായ തുക തിരികെ നൽകും.
അംഗത്വം പുതുക്കൽ
അംശാദായം കുടിശികയായി വരുമ്പോൾ അവസാന ഗഡു അടച്ച തീയതി മുതൽ മൂന്നുവർഷത്തിനകം നിർണയിക്കപ്പെടാവുന്ന നിരക്കിലുള്ള വാർഷിക പലിശയോടുകൂടി കുടിശിക അടച്ചാൽ അംഗത്വം പുനരുജ്ജീവിപ്പിച്ച് നൽകും.
അംഗത്വം റദ്ദാക്കൽ
ഒരംഗം ഏതെങ്കിലും തരത്തിലുള്ള കൃത്രിമം കാട്ടിയോ അംഗത്വത്തിനുള്ള നിബന്ധനകളുമായി ബന്ധപ്പെട്ടോ പദ്ധതിപ്രകാരം ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായോ വ്യാജമായ വിവരം എപ്പോഴെങ്കിലും നൽകിയിട്ടുണ്ടെന്ന് കണ്ടെത്തുകയോ ചെയ്താൽ അങ്ങനെയുള്ള അംഗത്തിന്റെ അംഗത്വം റദ്ദാക്കുന്നതും ബോർഡിനുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾ അംഗത്തിൽനിന്നോ അയാളുടെ സ്ഥാവര ജംഗമ വസ്തുക്കളിൽനിന്നോ ഈടാക്കാവുന്ന നിയമനടപടികൾ സ്വീകരിക്കും.
റെനീഷ് മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.