റിപ്പബ്ലിക് ദിന പരേഡിനോടനുബന്ധിച്ചുള്ള മത്സരങ്ങൾ; ആറു മെഡലുകൾ കേരളത്തിന്
Monday, January 24, 2022 1:34 AM IST
തിരുവനന്തപുരം: ഡൽഹിയിൽ നടന്ന ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡ് മത്സരങ്ങളിൽ കേരള - ലക്ഷ്വദ്വീപ് എൻസിസി പ്രതിനിധിസംഘം ചരിത്രനേട്ടം കൈവരിച്ചു. ബെസ്റ്റ് കേഡറ്റ് മത്സരങ്ങളിൽ പങ്കെടുത്ത ആറുപേരും മെഡലുകൾ നേടി. മൂന്നു സ്വർണമെഡലുകളും ഒരു വെള്ളിമെഡലും രണ്ടു വെങ്കല മെഡലുകളുമാണ് കേരളം സ്വന്തമാക്കിയത്. പ്രധാനമന്ത്രി നേരിട്ടു നൽകുന്ന ആറു ബാറ്റണുകളിൽ മൂന്നെണ്ണം കേരള ഡയറക്ടറേറ്റിൽനിന്നുള്ള കേഡറ്റുകൾ സ്വന്തമാക്കും.
സീനിയർ ഡിവിഷൻ (ആർമി) വിഭാഗത്തിൽ അഖിലേന്ത്യ ബെസ്റ്റ് കേഡറ്റിനുള്ള സ്വർണമെഡൽ പട്ടാമ്പി ശ്രീ നീലകണ്ഠ ഗവൺമെന്റ് സംസ്കൃത കോളജിലെ ഒറ്റപ്പാലം 28 (കെ) ബറ്റാലിയനിൽ നിന്നുള്ള എസ്. മാധവ് സ്വന്തമാക്കി. സീനിയർ ഡിവിഷൻ (നേവി) വിഭാഗത്തിൽ ബെസ്റ്റ് കേഡറ്റിനുള്ള സ്വർണമെഡൽ തേവര സേക്രഡ് ഹാർട്ട് കോളജിലെ എറണാകുളം 7(കെ) നേവൽ യൂണിറ്റ് എൻസിസിയിൽനിന്നുള്ള കുരുവിള കെ. അഞ്ചേരിലും സീനിയർ വിംഗ് (ആർമി) വിഭാഗത്തിൽ ബെസ്റ്റ് കേഡറ്റിനുള്ള സ്വർണമെഡൽ എറണാകുളം സെന്റ് തെരേസാസ് കോളജിലെ 21 (കെ) ബറ്റാലിയനിൽനിന്നുള്ള കീർത്തി യാദവും നേടി. ഈ മൂന്നു സ്വർണമെഡൽ ജേതാക്കളും ഈമാസം 28 നു ന്യൂഡൽഹിയിൽ പ്രധാനമന്ത്രിയിൽനിന്ന് നേരിട്ട് അവാർഡ് സ്വീകരിക്കും.
സീനിയർ വിംഗ് (നേവി) വിഭാഗത്തിൽ ബെസ്റ്റ് കേഡറ്റിനുള്ള വെള്ളിമെഡൽ തേവര സേക്രഡ് ഹാർട്ട് കോളജിലെ എറണാകുളം 7(കെ) നേവൽ യൂണിറ്റ് എൻസിസിയിൽനിന്നുള്ള മീനാക്ഷി എ. നായർ സ്വന്തമാക്കി. സീനിയർ ഡിവിഷൻ (എയർ) വിഭാഗത്തിൽ തിരുവനന്തപുരം എംജി കോളജിലെ 1(കെ) എയർ സ്ക്വാഡ്രൺ എൻസിസിയിൽനിന്നുള്ള അർജുൻ വേണുഗോപാലും സീനിയർ വിംഗ് (എയർ) വിഭാഗത്തിൽ എംജി കോളജിൽ നിന്നുതന്നെയുള്ള എം. അക്ഷിതയും വെങ്കല മെഡൽ നേടി.