പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫീസ് എന്‍ഐഎ കണ്ടുകെട്ടി
Saturday, October 1, 2022 1:13 AM IST
കോഴിക്കോട്: നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ കോഴിക്കോട് മീഞ്ചന്തയിലെ യൂണിറ്റി ഹൗസ് എന്‍ഐഎ കണ്ടുകെട്ടി.
ഇന്നലെ ഉച്ചയ്ക്കാണ് അഞ്ചംഗ എന്‍ഐഎ സംഘമെത്തി ഓഫീസ് അറ്റാച്ച് ചെയ്തു നോട്ടീസ് പതിച്ചത്. ചക്കുംകടവിലെ കാമ്പസ് ഫ്രണ്ടിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് കേരള പോലീസും അറ്റാച്ച് ചെയ്തു.
ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് എന്‍ഐഎ സംഘം യൂണിറ്റി ഹൗസില്‍ എത്തിയത്. ഫറോക്ക് അസി. കമ്മീഷണര്‍ എ.എം. സിദ്ദിഖ്, പന്നിയങ്കര ഇന്‍സ്പെക്ടര്‍ കെ. ശംഭുനാഥ് എന്നിവരുടെ നേതൃത്വത്തില്‍ വലിയ പോലീസ് സന്നാഹത്തെ സ്ഥലത്ത് വിന്യസിച്ചിരുന്നു. കോഴിക്കോട് തഹസില്‍ദാര്‍ പ്രേംലാലിന്റെ നേതൃത്വത്തില്‍ റവന്യു ഉദ്യോഗസ്ഥരും ഓഫീസ് അറ്റാച്ച് ചെയ്യുന്നതിന് എത്തിയിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ഓഫീസ് അറ്റാച്ച് ചെയ്യുന്നതു പകര്‍ത്താന്‍ വലിയ മാധ്യമസംഘം ഇവിടെ തമ്പടിച്ചുവരികയായിരുന്നു.
റൂറല്‍ ജില്ലയില്‍ വടകര, തണ്ണീര്‍പ്പന്തല്‍, നാദാപുരം, കുറ്റ്യാടി എന്നിവിടങ്ങളിലെ പിഎഫ്ഐയുടെ ചാരിറ്റബിള്‍ ട്രസ്റ്റുകളിലും നോട്ടീസ് പതിച്ചിട്ടുണ്ട്. വാസ് ട്രസ്റ്റ് എന്ന പേരില്‍ വടകര താഴെ അങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ വടകര ഇന്‍സ്പെക്ടര്‍ പി.എം. മനോജും സംഘവും പരിശോധന നടത്തി നോട്ടീസ് പതിച്ചു. നാദാപുരത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസായി പ്രവര്‍ത്തിക്കുന്ന പ്രതീക്ഷ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഓഫീസില്‍ നാദാപുരം ഡിവൈഎസ്പി വി.വി. ലതീഷ് എത്തി നോട്ടീസ് പതിച്ചു. കെട്ടിടത്തില്‍ പോലീസ് പരിശോധന നടത്തുകയും ചെയ്തു.
തണ്ണീര്‍പ്പന്തലിലെ കരുണ ഫൗണ്ടേഷന് ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസിലും പോലീസ് നോട്ടീസ് പതിച്ചു. നാദാപുരം സിഐ ഇ.വി. ഫായിസ് അലിയും സംഘവുമാണ് ഇവിടെ നോട്ടീസ് പതിച്ചത്. കുറ്റ്യാടി-തൊട്ടില്‍പ്പാലം റോഡില്‍ പ്രവര്‍ത്തിക്കുന്ന സൗഹൃദ ചാരിറ്റബിള്‍ ട്രസ്റ്റ് കെട്ടിടത്തിലും നോട്ടീസ് പതിച്ചിട്ടുണ്ട്. കെട്ടിടങ്ങള്‍ക്കു പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.