സജി ചെറിയാന് എതിരേയുള്ള കേസ്; കൂടുതൽ നിയമോപദേശത്തിനു പോലീസ്
Tuesday, December 6, 2022 1:39 AM IST
തിരുവല്ല: മുന്മന്ത്രി സജി ചെറിയാന് ഭരണഘടനയെ അധിക്ഷേപിച്ചു നടത്തിയതായി പറയുന്ന പ്രസംഗവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കുന്നതിന് പോലീസ് കൂടുതൽ നിയമോപദേശം തേടി.
കേസ് അവസാനിപ്പിക്കുന്നതിന് അനുമതി തേടി ഇന്നലെ തിരുവല്ല ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകാനായിരുന്നു ആദ്യ തീരുമാനമെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ ഇതു മാറ്റിവച്ചു.
കേസന്വേഷണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അതീവ രഹസ്യമായി നടത്തിയ നീക്കങ്ങൾ പുറത്തുവരികയും പരാതിക്കാർ തുടർ നടപടികളിലേക്ക് കടക്കുമെന്ന് ഉറപ്പാകുകയും ചെയ്ത സാഹചര്യത്തിലാണ് പഴുതുകൾ അടച്ച് കോടതിയിൽ റിപ്പോർട്ട് നൽകിയാൽ മതിയെന്ന അഭിപ്രായമുണ്ടായത്.