കാട്ടാന ആക്രമണത്തിൽ സഹോദരങ്ങൾക്കു പരിക്ക്
Thursday, January 26, 2023 1:08 AM IST
പുൽപ്പള്ളി: കാട്ടാന ആക്രമണത്തിൽ സഹോദരങ്ങൾക്കു പരിക്ക്. ചേകാടി വിലങ്ങാടി കുറുമ കോളനിയിലെ ബാലൻ (45), അനുജൻ സുകുമാരൻ (42) എന്നിവർക്കാണു പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
ചൊവ്വാഴ്ച രാത്രി മരിച്ച പിതാവ് സോമന്റെ മൃതദേഹം ആചാരപ്രകാരം മറവുചെയ്യുന്നതിനു കാട്ടിനകത്തെ സമുദായ ശ്മശാനത്തിൽ കുഴിയെടുക്കാൻ പോകുന്പോഴായിരുന്നു കാട്ടാന ആക്രമണം.
ബാലന്റെ ഒരു ചെവി അറ്റു. മറ്റൊരു ചെവിക്ക് ഗുരുതരമായി മുറിവേറ്റു. തോളെല്ലിനും പരിക്കേറ്റു. സുകുമാരന്റെ കൈക്ക് പൊട്ടലുണ്ട്. ഇരുവരെയും മാനന്തവാടി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.