മിഷൻലീഗ് ജൂബിലി സമാപനം നാളെ തക്കലയിൽ
Saturday, January 28, 2023 1:09 AM IST
ഭരണങ്ങാനം: ചെറുപുഷ്പ മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലി ആഗോളതല സമാപനം നാളെ തക്കലയില്‍ നടക്കും. ഇതിനോടനബന്ധിച്ചു വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സമിതികളെ ഉള്‍പ്പെടുത്തി സംഘടനയുടെ അന്തര്‍ദേശീയ സമിതി രൂപീകരിക്കും.
ഉച്ചകഴിഞ്ഞ് രണ്ടിന് അല്‍ഫോന്‍സാ നഗറില്‍ (സീനായ് റിട്രീറ്റ് സെന്റർ, കല്ലുവിള) ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപ്പറമ്പിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമാപന സമ്മേളനം സിറോ മലബാര്‍ സഭ മേജർ ആർച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി ആർച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യപ്രഭാഷണം നടത്തും.
ബല്‍ത്തങ്ങാടി ബിഷപ് മാര്‍ ലോറന്‍സ് മുക്കുഴി അനുഗ്രഹ പ്രഭാഷണവും ജൂബിലി സുവനീര്‍ പ്രകാശനവും നിര്‍വഹിക്കും. രാമനാഥപുരം മെത്രാന് മാര്‍ പോള്‍ ആലപ്പാട്ട്, ഹൊസൂര്‍ മെത്രാന് മാര്‍ സെബാസ്റ്റ്യന്‍ പോഴോലിപ്പറമ്പില്‍, തക്കല ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന് എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
ചെറുപുഷ്പ മിഷന് ലീഗ് ഇന്റര്‍നാഷണല്‍ അഡ്ഹോക്ക് കമ്മിറ്റി പ്രസിഡന്റ് ഡേവീസ് വല്ലൂരാന് ജൂബിലി സന്ദേശം നല്‍കും. ഇന്ത്യയില്‍നിന്നും വിദേശത്തുനിന്നുമുള്ള രൂപതാ ഭാരവാഹികള്‍ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കും.