നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് ഒന്പതു വാഹനങ്ങളിൽ ഇടിച്ചുകയറി
Sunday, January 29, 2023 12:39 AM IST
ഉപ്പുതറ: ഏലപ്പാറയിൽ നിയന്ത്രണം നഷ്ടമായ കെഎസ്ആർടിസി ബസ് ഒന്പതു വാഹനങ്ങളിൽ ഇടിച്ചുകയറി ഒന്പതു പേർക്കു പരിക്കേറ്റു. ബസിന്റെ ബ്രേക്ക് സിസ്റ്റത്തിനുണ്ടായ തകരാറാണ് അപകട കാരണം. പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് അപകടമുണ്ടായത്. കോട്ടയത്തുനിന്ന് കട്ടപ്പനയ്ക്കു വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഏലപ്പാറ ടൗണിനു സമീപം എത്തിയപ്പോൾ നിയന്ത്രണം നഷ്ടമായ ബസ് ബസ് സ്റ്റാൻഡ് കഴിഞ്ഞ് സെൻട്രൽ ജംഗ്ഷനിലെ ചെമ്മണ്ണ് ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ബസിനു മുന്പിൽ പോകുകയായിരുന്ന സ്വകാര്യ വാഹനത്തെ ഇടിച്ചശേഷമാണ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന എട്ടോളം ഓട്ടോറിക്ഷകളിലേക്ക് ഇടിച്ചുകയറിയത്. വാഹന ഡ്രൈവർമാരും ഇതരസംസ്ഥാന തൊഴിലാളികളും ഉൾപ്പെടെ ഒന്പതു പേർക്കാണു പരിക്കേറ്റത്. ആരുടേയും പരിക്ക് ഗുരുതരമല്ല. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസിൽ ഇരുപതോളം യാത്രക്കാർ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഈ റൂട്ടിൽ പുതുതായി ആരംഭിച്ച സർവീസാണ് ഇത്.
പീരുമേട് പോലീസും ഫയർഫോഴ്സും എത്തിയിരുന്നു. മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.