ബഫർസോണ്‍: കേസിൽ കോണ്‍ഗ്രസ് കക്ഷി ചേരും
Sunday, January 29, 2023 12:39 AM IST
തിരുവനന്തപുരം: ബഫർസോണുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിലനിൽക്കുന്ന കേസിൽ കോണ്‍ഗ്രസ് കക്ഷിചേരുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കാൻ ബഫർസോണ്‍ സംബന്ധിച്ച കെപിസിസി ഉപസമിതി യോഗം തീരുമാനിച്ചു.
ബഫർ സോണ്‍ ബാധിത മേഖലകളിൽ ഉപസമിതി അംഗങ്ങൾ സന്ദർശിച്ചു പ്രദേശവാസികളുമായി കൂടിക്കാഴ്ച നടത്തിയശേഷം രാഷ്ട്രീയ പ്രതിഷേധ പരിപാടികൾക്കു രൂപംനൽകാനും തീരുമാനിച്ചു.
ബഫർ സോണ്‍ വിഷയത്തിൽ സർക്കാർ ഒളിച്ചുകളിയും ഇരട്ടത്താപ്പും തുടരുന്ന പശ്ചാത്തലത്തിൽ ശക്തമായ രാഷ്ട്രീയ- നിയമ നടപടി സ്വീകരിക്കാനാണു തീരുമാനം. കർഷകരുടെയും പ്രദേശവാസികളുടെയും സഹകരണത്തോടെ ഒരുമിച്ചുള്ള പ്രവർത്തനങ്ങൾക്കും പ്രതിഷേധങ്ങൾക്കും രൂപംനൽകും.
ഉമ്മൻ ചാണ്ടി സർക്കാർ ജനവാസ മേഖലകളെ ബഫർ സോണ്‍ പരിധിയിൽനിന്നു പൂർണമായി ഒഴിവാക്കിയിരുന്നു. എന്നാൽ ഇതിനു വിരുദ്ധമായി, മനുഷ്യവാസകേന്ദ്രങ്ങൾ ഇക്കോ സെൻസിറ്റീവ് സോണായി പുനർനിർണയിക്കാനുള്ള ഉത്തരവ് 2019 ഒക്ടോബറിൽ ഇടതുസര്‍ക്കാര്‍ പുറത്തിറക്കി. ഈ ഉത്തരവ് നിലനിൽക്കുന്നത് സുപ്രീംകോടതിയിൽ തിരിച്ചടിക്കു കാരണമായേക്കാമെന്ന് യോഗം വിലയിരുത്തി.
കെപിസിസി ബഫർസോണ്‍ ഉപസമിതി ചെയർമാൻ സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.