മാങ്ങ പറിക്കുന്നതിനിടെ നെഞ്ചുവേദന; മാവിൽ കുടുങ്ങിയയാൾ മരിച്ചു
Monday, February 6, 2023 11:55 PM IST
പള്ളുരുത്തി: ഇടക്കൊച്ചിയിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ കൂറ്റൻ മാവിൽ കയറി മാങ്ങ പറിക്കുന്നതിനിടെ നെഞ്ചുവേദനയെ തുടർന്ന് മരംകയറ്റ തൊഴിലാളി മരിച്ചു.
ചേർത്തല അരൂക്കുറ്റി വട്ടച്ചിറ വീട്ടിൽ ബാബു(66)വാണു മരിച്ചത്. നെഞ്ചുവേദനയെത്തുടർന്ന് കുഴഞ്ഞ് മാവിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. സുരക്ഷയ്ക്കായി ശരീരം മരത്തിൽ കയറുമായി ബന്ധിച്ചിരുന്നതിനാലാണു താഴേക്കു വീഴാതിരുന്നത്. ഒപ്പമുണ്ടായിരുന്ന സഹായിയും മാങ്ങ കയറ്റാനെത്തിയ വാഹനത്തിന്റെ ഡ്രൈവറുമാണ് പോലീസിൽ വിവരം അറിയിച്ചത്.
സംഭവമറിഞ്ഞ് മട്ടാഞ്ചേരിയിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റ് എത്തി താഴെ ഇറക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിനു മുന്പേ മരണം സംഭവിച്ചു.
ബാബു ഹൃദ്രോഗത്തെ തുടർന്നു ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പള്ളുരുത്തി പോലീസും സ്ഥലത്തെത്തിയിരുന്നു.
ഭാര്യ: റസിയ. മക്കൾ: റിംഷാദ്, രസ്ന. മരുമക്കൾ : ഷാബിയ, അനീഷ്.