കുടിവെള്ളം ലിറ്ററിന് ഒരു പൈസ വർധിച്ചു
Tuesday, February 7, 2023 1:03 AM IST
തിരുവനന്തപുരം: കുടിവെള്ളത്തിനും വില വർധിപ്പിച്ച് സർക്കാർ. കുടിവെള്ളത്തിന് ലിറ്ററിന് ഒരു പൈസ വർധിപ്പിച്ചുള്ള ഉത്തരവ് ഫെബ്രുവരി മൂന്നിനു പ്രാബല്യത്തിലായി.
സർക്കാർ പ്രഖ്യാപിച്ച പുതിയ നിരക്കു പ്രകാരം 1000 ലിറ്റർ വെള്ളത്തിന് നിലവിലുള്ളതിനേക്കാൾ 10 രൂപ വരെ കൂടും. എല്ലാ വിഭാഗം ഉപയോക്താക്കൾക്കും നിരക്കു വർധന ബാധകമാകും. ഒരാഴ് ചയ്ക്കുള്ളിൽ ജലവിഭവ വകുപ്പ് ഓരോ സ്ലാബിലെയും താരിഫ് നിരക്ക് പുറത്തിറക്കുന്നതോടെ കൃത്യമായ നിരക്ക് ധാരണ വ്യക്തമാകും.
വിവിധ സ്ലാബുകളിൽപ്പെട്ട ഉപയോക്താക്കൾക്ക് ശരാശരി 400 രൂപയോ അതിൽ കൂടുതലോ വെള്ളത്തിനായി അധികമായി നല്കേണ്ടി വരും. എന്നാൽ, വെള്ളക്കരം വർധനയെ ന്യായീകരിച്ച് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഇന്നലെ രംഗത്തെത്തി. വെള്ളക്കരം കൂട്ടിയതിൽ ഇതുവരെ ഒരു പരാതി പോലും ലഭിച്ചില്ലെന്നായിരുന്നു മന്ത്രിയുടെ വാദം.
ഒരു ലിറ്റർ വെള്ളത്തിന് ഒരു പൈസയാണ് കൂട്ടിയതെന്നും ഇത് കൂട്ടേണ്ടതല്ലേയെന്നും മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ ചോദിച്ചു.