നരേന്ദ്ര മോദിയുടെ പ്രസ്താവന അതിരുകവിഞ്ഞ മോഹമെന്നു മുഖ്യമന്ത്രി
Saturday, March 4, 2023 12:25 AM IST
തിരുവനന്തപുരം: കേരളത്തിലും ബിജെപി സർക്കാരുണ്ടാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന അതിരുകവിഞ്ഞ മോഹമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ന്യൂനപക്ഷങ്ങൾ എന്തൊക്കെ പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ടെന്നും അതിനു കാരണക്കാർ ആരാണെന്നും തീവ്രമായ അനുഭവങ്ങളിലൂടെ ബോധ്യമുള്ളവരാണ് ഈ നാട്ടുകാർ. സംഘപരിവാറിൽനിന്ന് കൊടിയ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങൾക്ക് ബിജെപി അനുകൂല നിലപാടിലെത്താനാകില്ല. ചില താത്കാലിക ലാഭങ്ങൾക്കായി ആരെങ്കിലും നടത്തുന്ന നീക്കുപോക്കുകൾ ന്യൂനപക്ഷത്തിന്റെ പൊതുസ്വഭാവമാണെന്നു കരുതുന്നത് ഭീമാബദ്ധമാണ്.
വർഗീയ ശക്തികൾക്ക് കേരളത്തിന്റെ മണ്ണിൽ സ്ഥാനമുണ്ടാകില്ലെന്ന് ഈ നാട് എക്കാലത്തും വ്യക്തമാക്കിയിട്ടുണ്ട്. മതനിരപേക്ഷതയുടെ കേരള മാതൃക രാജ്യത്താകെ വേരുറപ്പിക്കുന്ന നാളുകളാണ് വരാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.