ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരണസന്നദ്ധത അറിയിച്ച് ബ്രിട്ടൻ
Thursday, March 23, 2023 12:48 AM IST
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരിക്കാൻ ബ്രിട്ടൻ സന്നദ്ധത അറിയിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ചന്ദ്രു അയ്യർ മുഖ്യമന്ത്രി പിണറായി വിജയനുമായി ചേംബറിൽ നടത്തിയ കൂടിക്കാഴ്ചയിലാണു താത്പര്യം അറിയിച്ചത്.
സംസ്ഥാനം ഉന്നതവിദ്യാഭ്യാസ രംഗത്തു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും ആ മേഖലയിൽ ബ്രിട്ടനുമായുള്ള സഹകരണത്തിന് ധാരാളം സാധ്യതകളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എഡ്യുക്കേഷൻ വേൾഡ് ഫോറം നടത്താൻ ഉദ്ദേശിക്കുന്നതായി ഡപ്യൂട്ടി ഹൈക്കമ്മീഷണർ അറിയിച്ചു. അതിൽ സഹകരിക്കുന്ന കാര്യത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പുമായും വൈസ് ചാൻസലർമാരുമായും ചർച്ച നടത്തുമെന്നു മുഖ്യമന്ത്രി ഉറപ്പുനൽകി.
യോഗത്തിൽ സൗത്ത് ഏഷ്യാ ട്രേഡ് കമ്മീഷണർ അലൻ ജെമ്മൽ, ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല തുടങ്ങിയവർ പങ്കെടുത്തു.