മൂന്ന് സയൻസ് പാർക്കുകൾ സ്ഥാപിക്കും
Friday, March 24, 2023 2:03 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു സയൻസ് പാർക്കുകൾ ആരംഭിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് സമീപമാണ് സയൻസ് പാർക്ക് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്.
രണ്ട് ബ്ലോക്കുകളായി നിർമിക്കുന്ന ഓരോ സയൻസ് പാർക്കിനും 200 കോടി രൂപയുടെ നിക്ഷേപവും 10 ലക്ഷം ചതുരശ്ര അടി വിസ്തീർണവും ഉണ്ടായിരിക്കും.
കണ്ണൂർ, എറണാകുളം, തിരുവനന്തപുരം സയൻസ് പാർക്കുകളുടെ പ്രിൻസിപ്പൽ അസോസിയേറ്റ് യൂണിവേഴ്സിറ്റികൾ യഥാക്രമം കണ്ണൂർ, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കേരള യൂണിവേഴ്സിറ്റികൾ ആയിരിക്കും. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് സയൻസ് പാർക്ക് സ്ഥാപിക്കുക.