ജെഡിഎസിനെ പുറത്താക്കാത്തത് സിപിഎമ്മിന്റെ സംഘപരിവാർ മനസിനു തെളിവ്: കെ. സുധാകരൻ
Wednesday, September 27, 2023 6:18 AM IST
തിരുവനന്തപുരം: ദേശീയ തലത്തിൽ ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിഎസിനെ മന്ത്രിസഭയിൽനിന്നും എൽഡിഎഫിൽനിന്നും പുറത്താക്കാതെ പിണറായി സർക്കാർ ജനസദസ് എന്ന തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ തയാറെടുക്കുന്നതിലൂടെ സിപിഎമ്മിന്റെ ഫാസിസ്റ്റ്-സംഘപരിവാർ അനുകൂല മനസ് പ്രകടമായെന്നു കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപി.
ബിജെപിവിരുദ്ധത സിപിഎമ്മിന് അധരവ്യായാമം മാത്രമാണ്. സംഘപരിവാർ വിരോധത്തിൽ സിപിഎമ്മിന് ആത്മാർഥത ഉണ്ടായിരുന്നെങ്കിൽ, ബിജെപി പാളയത്തിലെത്തിയ ജെഡിഎസിനെ ഉടനെ മന്ത്രിസഭയിൽനിന്നും എൽഡിഎഫിൽനിന്നും പുറത്താക്കുകയോ ബിജെപി ബന്ധം ഉപേക്ഷിച്ച് വരുന്നതുവരെ മാറിനിൽക്കാനോ ആവശ്യപ്പെടുമായിരുന്നു.
എന്നാൽ അത് ഉണ്ടാവാത്തതിലൂടെ സംഘപരിവാർ വിരോധികളാണ് തങ്ങളെന്ന് ന്യൂനപക്ഷങ്ങളെ വിശ്വസിപ്പിച്ച് വഞ്ചിക്കുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പ് മറനീക്കി പുറത്തുവന്നിരിക്കുകയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.