കരുവന്നൂര്‍ ബാങ്കില്‍നിന്ന് ആധാരം തിരികെ നല്‍കുന്നില്ലെന്ന ഹര്‍ജിയില്‍ നോട്ടീസ്
Sunday, October 1, 2023 1:33 AM IST
കൊച്ചി: കരുവന്നൂര്‍ ബാങ്കില്‍ ഭൂമി പണയപ്പെടുത്തിയെടുത്ത വായ്പകള്‍ അടച്ചുതീര്‍ത്തിട്ടും ഭൂമിയുടെ ആധാരം തിരിച്ചു നല്‍കുന്നില്ലെന്നാരോപിച്ച് തൃശൂര്‍ കാരളം സ്വദേശി ഫ്രാന്‍സിസ് നല്കിയ ഹര്‍ജിയില്‍ ഇഡിയടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് നല്കാന് ഹൈക്കോടതി നിര്‍ദേശം നല്കി.
ജസ്റ്റീസ് സതീഷ് നൈനാനാണ് ഹര്‍ജി പരിഗണിക്കുന്നത്. ഭൂമിയുടെ ആധാരം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ഇഡിയുടെ കസ്റ്റഡിയിലാണെന്നാണ് ബാങ്ക് അധികൃതര്‍ മറുപടി നല്‍കിയത്. തുടര്‍ന്നാണ് ഇഡിയെയും എതിര്‍കക്ഷിയാക്കി ഫ്രാന്‍സിസ് ഹര്‍ജി നല്‍കിയത്.
50 സെന്റ് സ്ഥലം പണയപ്പെടുത്തി ഹര്ജിക്കാരന് കരുവന്നൂര്ബാങ്കില്നിന്ന് രണ്ടു വായ്പകളാണെടുത്തത്. ഇവ രണ്ടും കഴിഞ്ഞ ഡിസംബറില്‍ അടച്ചുതീര്‍ത്തു. എന്നിട്ടും ഭൂമിയുടെ ആധാരം തിരിച്ചു നല്‍കുന്നില്ലെന്നാണ് ആക്ഷേപം. ഹര്‍ജി നാലിനു വീണ്ടും പരിഗണിക്കും.