മാര്‍ത്തോമ്മന്‍ പൈതൃക സംഗമം ഇന്ന്
Sunday, February 25, 2024 12:13 AM IST
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാര്‍ത്തോമ്മന്‍ പൈതൃക സംഗമം ഇന്ന് കോട്ടയത്ത് നടക്കും.
ഉച്ചകഴിഞ്ഞു മൂന്നിനു കോട്ടയം എംഡി സെമിനാരി മൈതാനിയില്‍നിന്ന് ആരംഭിക്കുന്ന മാര്‍ത്തോമ്മന്‍ പൈതൃക വിളംബര ഘോഷയാത്രയോടയാണ് തുടക്കം. ഘോഷയാത്ര തോമസ് ചാഴികാടന് എംപി ഫ്ളാഗ് ഓഫ് ചെയ്യും. മെത്രാപ്പോലീത്താമാരും സഭാസ്ഥാനികളും, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും മുന്‍നിരയില്‍ അണിനിരക്കും.
നാലിനു ചേരുന്ന സമ്മേളനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉദ്ഘാടനം ചെയ്യും. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള മുഖ്യപ്രഭാഷണം നടത്തും.
മന്ത്രി വി.എന്‍. വാസവന്, മന്ത്രി വീണാ ജോര്‍ജ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, ചാണ്ടി ഉമ്മന്‍ എംഎല്‍എ, റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ മെത്രാപ്പോലീത്ത ആന്റണി, എത്യോപ്യന്‍ സഭ മെത്രാപ്പോലീത്ത അബ്ബാ മെല്‍കിദേക്ക് നുര്‍ബെഗന്‍ ഗെദ, ഡോ. യുഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, വൈദീക ട്രസ്റ്റി റവ. ഡോ. തോമസ് വര്‍ഗീസ് അമയില്‍, അല്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, സെക്രട്ടറി ബിജു ഉമ്മന്‍ എന്നിവര്‍ പ്രസംഗിക്കും.