ഭിന്നശേഷിക്കാരുമായി ഇന്ന്; വയോജനങ്ങളുമായുള്ളത് നാളെ
Monday, February 26, 2024 3:06 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം പരിപാടി അടുത്ത രണ്ടു ദിവസങ്ങളിൽ തിരുവനന്തപുരത്തു നടക്കും. ഭിന്നശേഷി സൗഹൃദ കേരളം നവകേരള കാഴ്ചപ്പാട് എന്ന വിഷയത്തിൽ ഭിന്നശേഷി മേഖലയിലെ വ്യക്തികളുമായി നടത്തുന്ന മുഖാമുഖം പരിപാടി ഇന്നു രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 1.30 വരെ തിരുവനന്തപുരം ആർഡിആർ കണ്വൻഷൻ സെന്ററിൽ നടക്കും.
സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിക്കു പുറമേ മന്ത്രിമാരായ ഡോ. ആർ. ബിന്ദു, വി. ശിവൻകുട്ടി, ജി.ആർ. അനിൽ എന്നിവരും ജില്ലയിലെ എംഎൽഎമാരും പങ്കെടുക്കും. 50 പേർക്ക് മുഖ്യമന്ത്രിയോടു നേരിട്ട് ചോദ്യം ചോദിക്കാനുള്ള അവസരമുണ്ടാകും. മറ്റുള്ളവർക്കു തത്സമയം ചോദ്യങ്ങൾ എഴുതി നൽകാനാവും.
വയോജന സൗഹൃദ കേരളം നവകേരള കാഴ്ചപ്പാട് എന്ന ആശയം മുൻനിർത്തി വയോജനങ്ങളുമായും പെൻഷനേഴ്സ് പ്രതിനിധികളുമായുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം നാളെ നടക്കും. നിയമസഭയിലെ ശങ്കരനാരായണൻ തന്പി ഹാളിൽ നടക്കുന്ന മുഖാമുഖത്തിൽ സർക്കാർ സർവീസിൽനിന്ന് ഉന്നതസ്ഥാനം വഹിച്ച് വിരമിച്ചവർ പെൻഷനേഴ്സ് പ്രതിനിധികളായി പങ്കെടുക്കും.
ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് ആരംഭിക്കുന്ന പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളിൽനിന്നുള്ളവരാണ് പങ്കെടുക്കുന്നത്.